
അമേരിക്കയിൽ ടിക്ടോക്കിൻ്റെ ഭാവി ഇരുളയുന്നു. ടിക്ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാണിച്ചു നിരോധിക്കാനുള്ള നിയമവുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിരോധന നീക്കത്തിനെതിരായ ഹർജിയിൽ കടുത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ടിക്ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസുമാണ് കോടതിയിൽ നിരോധന നീക്കത്തിനെതിരായ ഹർജി നൽകിയിരുന്നത്. ടിക്ടോക്ക് പ്ലാറ്റ്ഫോം നിരോധിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച കമ്പനികൾ അമേരിക്കൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും നിലപാട് മുന്നോട്ടുവച്ചു. അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ജസ്റ്റിസ് ഡിപാർട്ട്‌മെൻ്റ് കോടതിയെ അറിയിച്ചു. 2025 ജനുവരി 19 മുതലാണ് പൂർണ നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.
ടിക്ടോക് നിരോധന ബില്ലിന് ഏപ്രിലിലാണ് സെനറ്റ് അനുമതി നൽകിയത്. ചൈനീസ് ഐടി കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് യുഎസിൽ 17 കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ദേശീയ സുരക്ഷിതത്വത്തിന് ടിക്ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് 270 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിൽ നിന്ന് മാറിയില്ലെങ്കിൽ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആപ്പുകളിൽ ടിക്ടോക്ക് ലഭ്യമാകില്ലെന്നും അറിയിച്ചിരുന്നു. 2020-ൽ ടിക്ടോക്ക് നിരോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ട്രംപ്, നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടിക്ടോക്ക് നിരോധിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് മാറ്റിയിരുന്നു.