
യുക്രെയിന് സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക തീ കൊണ്ട് കളിക്കുകയാണെന്ന് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിൻ്റെ സഹോദരി കിം യോ ജോങ്. യൂറോപ്പിലേക്ക് ആണവ യുദ്ധം ക്ഷണിച്ചുവരുത്താനാണ് അമേരിക്കയുടെ ശ്രമം എന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ കെസിഎൻഎന്നിലൂടെയായിരുന്നു പ്രതികരണം.
യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലന്‍സ്കിയുടെ വാഷിംഗ്ടണ്‍ സന്ദർശനത്തിന് പിന്നാലെ അമേരിക്ക 8 ബില്ല്യൺ ഡോളറിന്‍റെ( ഏകദേശം 68,000 കോടി രൂപ) സെെനിക സഹായം പ്രഖ്യാപിച്ചിരുന്നു. ദീർഘദൂര മിസെെലുകളടക്കം ആയുധങ്ങളും, സെെനിക പിന്തുണയുമാണ് ജോ ബെെഡന്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ ഈ നീക്കത്തെ 'വലിയ തെറ്റ്' എന്നാണ് ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ സഹോദരി കിം യോ ജോങ് വിശേഷിപ്പിച്ചിരിക്കുന്നത്. ആണവ ശക്തിയായ റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ പങ്കാളിയാകാനുള്ള തീരുമാനം അമേരിക്കയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ഇതിൻ്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ തയ്യാറാണോ എന്നും ജോങ് ചോദിച്ചു.
യുക്രെയ്ന്‍- റഷ്യ സംഘർഷം ആളിക്കത്തിക്കാനാണ് അമേരിക്കൻ ശ്രമം. യൂറോപ്പിനെ മുഴുവന്‍ ആണവയുദ്ധത്തിൻ്റെ വക്കിലേക്കാണ് ഇതെത്തിക്കുക. അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മുന്നറിയിപ്പിനെ വിലകുറച്ച് കാണരുതെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്. ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയിൽ ഉന്നത സ്ഥാനം വഹിക്കുന്ന കിം യോ ജോങ്, സഹോദരന്‍ കിം ജോങ് ഉൻ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ്.
കിം ജോങ് ഉന്നിന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന കിം യോ ജോങ്, പാർട്ടി നേതാവെന്ന നിലയില്‍ ഇതിന് മുന്‍പും അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്. യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയുമായി ഉത്തരകൊറിയ അനധികൃത ആയുധ കെെമാറ്റം നടത്തുന്നു എന്ന അമേരിക്കയുടെ ആരോപണം നിലനില്‍ക്കെയാണ് പുതിയ പ്രസ്താവന. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഉത്തരകൊറിയ റഷ്യയ്ക്ക് 16,500 കണ്ടെയ്നർ ആയുധങ്ങളെങ്കിലും കെെമാറിയെന്നാണ് അമേരിക്കൻ ആരോപണം. ഇത് ഉത്തരകൊറിയയും റഷ്യയും നിഷേധിച്ചിരുന്നു.