യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി യുഎസ്

ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ അന്തിമ കരട് രേഖ ഇസ്രയേലിനും ഹമാസിനും കൈമാറിയതായാണ് റിപ്പോർട്ട്
യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി യുഎസ്
Published on

ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി യുഎസ്. പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. വെടിനിർത്തൽ സാധ്യമാക്കണമെന്നത് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബൈഡൻ ചർച്ച മുന്നോട്ടുകൊണ്ടുപോയത്. ലബനൻ ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ, സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ പതനം എന്നിവയെക്കുറിച്ചും ബൈഡൻ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

വെടിനിർത്തൽ ചർച്ചയിൽ ഇസ്രയേലും ഹമാസും താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ പോലും, വെടിനിർത്തൽ കരാർ സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇസ്രയേലിന് ബൈഡൻ ഭരണകൂടം നൽകിയ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 20ന് മുൻപ് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനാണ് ബൈഡൻ ഭരണകൂടത്തിന്റെ ശ്രമം.

യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ കരാർ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നെതന്യാഹുവിനെതിരെ വൻ ജനാവലി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. വെടിനിർത്തൽ ചർച്ചയിൽ നിലവിൽ ഇസ്രയേൽ സമ്മർദത്തിലാണെന്നും, ഹമാസിനെപ്പോലെ യുദ്ധത്തിന്റെ ആരംഭം മുതൽ ഒരു നിലപാടിൽ ഉറച്ചുനിൽക്കാൻ നെതന്യാഹു സർക്കാരിന് സാധിച്ചിട്ടില്ലെന്നുമാണ് ഇസ്രയേൽ രാഷ്ട്രീയ നിരീക്ഷകൻ ഒറി ഗോൾഡ്ബർഗിന്റെ നിരീക്ഷണം.

അതേസമയം ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ അന്തിമ കരട് രേഖ ഇസ്രയേലിനും ഹമാസിനും കൈമാറിയതായാണ് റിപ്പോർട്ട്. മധ്യസ്ഥരായ ഖത്തർ ഇരുവിഭാഗത്തിനും രേഖ കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിൽ പുരോഗമിക്കുന്ന ചർച്ചകളിൽ മൊസാദ്, ഷിൻബെത്ത് മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കുന്നുണ്ട്. മുൻ ചർച്ചകളേക്കാൾ ഇത്തവണ പുരോഗതിയുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പ്രതികരിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസാ വെടിനിർത്തലിൽ നിർണായക തീരുമാനം പുറത്തുവന്നേക്കും.

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കടന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം 16 മാസം പിന്നിടുമ്പോൾ യുദ്ധത്തിൽ ഇതുവരെ 46,584 പലസ്തീനികൾ കൊല്ലപ്പെടുകയും 109,731 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com