
പെറുവിൽ 22 വർഷത്തിന് ശേഷം മഞ്ഞിൽ പുതഞ്ഞ് കിടന്ന അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം നാശം കൂടാതെ കിടക്കുന്നത് കണ്ട് ഞെട്ടി രക്ഷാപ്രവർത്തകർ. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് മഞ്ഞുരുകിയതിന് പിന്നാലെയാണ് മഞ്ഞിൽ യാതൊരു കേടുപാടും വരാത്ത തരത്തിലുള്ള മൃതശരീരം കണ്ടെത്തിയത്. 2022 ജൂണിലാണ് ഹുവാസ്കരനിലെ പർവതാരോഹണത്തിനിടെ അതിശക്തമായ ഹിമപാതത്തിൽ വില്ല്യം സ്റ്റാംഫിൾ എന്ന 59കാരനെ കാണാതായത്.
6,700 മീറ്ററിലധികം (22,000 അടി) ഉയരമുള്ള ഹുവാസ്‌കരൻ പർവതത്തിന് മുകളിലേക്ക് കയറവെയാണ് പൊടുന്നനെ ഹിമപാതം ഉണ്ടായത്. അപകടത്തിൽ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന ചിലരും അകപ്പെട്ടിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഫലവത്തായില്ല.
ആൻഡീസിലെ കോർഡില്ലേര ബ്ലാങ്ക റേഞ്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില ഉയർന്നതോടെയാണ് പർവതാരോഹകന്റെ മൃതദേഹം മഞ്ഞിൽ പുതഞ്ഞ നിലയിൽ വെളിപ്പെട്ടതെന്ന് പെറുവിയൻ പൊലീസ് പറഞ്ഞു. പൊലീസ് കൈമാറിയ ചിത്രങ്ങൾ അനുസരിച്ച്, സ്റ്റാംഫലിൻ്റെ ശരീരവും വസ്ത്രങ്ങളും ഹാർനെസും ബൂട്ടുകളും മഞ്ഞിൽ കേടും കൂടാതെ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. മൃതദേഹത്തിനൊപ്പം ഇയാളുടെ പാസ്‌പോർട്ട് കൂടി കണ്ടെത്തിയത് മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചു.
വടക്കു-കിഴക്കൻ പെറുവിലെ പർവതനിരകളിലെ ഹുവാസ്‌കരൻ, കാഷാൻ തുടങ്ങിയ മഞ്ഞുമലകളുടെ ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് പ്രിയപ്പെട്ട ലൊക്കേഷനാണ്. മെയ് മാസത്തിൽ കാണാതായി ഒരു മാസത്തിന് ശേഷം ഒരു ഇസ്രയേലി കാൽനട യാത്രക്കാരൻ്റെ മൃതദേഹം ഇവിടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസവും പരിചയസമ്പന്നനായ ഒരു ഇറ്റാലിയൻ പർവതാരോഹകൻ ആൻഡിയൻ കൊടുമുടി കയറാനുള്ള ശ്രമത്തിനിടെ വീണു മരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ മൃതദേഹവും പിന്നീട് മഞ്ഞിൽ നിന്ന് കണ്ടെത്തിയിരുന്നു.