വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും; വിശദീകരണം തേടാനൊരുങ്ങി പാർട്ടി

രാവിലെ കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് പോകുന്ന ഇ.പി. ജയരാജൻ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും
വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും; വിശദീകരണം തേടാനൊരുങ്ങി പാർട്ടി
Published on


വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെ ഇ.പി. ജയരാജൻ എഴുതിയ ആത്മകഥാ പുസ്തകത്തിൻ്റേതെന്ന പേരിൽ മാധ്യമങ്ങളിൽ വിവാദ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ സിപിഎം വിശദീകരണം തേടും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഇ.പി ജയരാജൻ്റെ വിശദീകരണംകേട്ട ശേഷമാകും തുടർ നടപടികൾ ഉണ്ടാകുകയെന്നാണ് വിവരം.

അതേസമയം, ആത്മകഥാ വിവാദത്തിൽ ചർച്ചകൾ തുടരുന്നതിനിടെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും. രാവിലെ കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് പോകുന്ന ഇ.പി. ജയരാജൻ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും.

പി. സരിൻ്റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്ന പരാമർശങ്ങൾ ഇ.പിയുടെ ആത്മകഥയിലേത് എന്ന പേരിൽ ഇന്നലെ പുറത്ത് വന്ന പിഡിഎഫിൽ ഉൾപ്പെട്ടിരുന്നു. തൻ്റെ ആത്മകഥയിൽ ഇത്തരം പരാമർശം ഇല്ലെന്ന് ജയരാജൻ വിശദീകരിക്കുകയും ആത്മകഥയുടേതെന്ന പേരിൽ വിവരങ്ങൾ പുറത്തുവിട്ടതിന് ഡി.സി. ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ഇ.പിയുടേതെന്ന പേരിൽ പുറത്തുവന്ന പിഡിഎഫിൽ വിവരിക്കുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇ.പിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇ.പി. ജയരാജനെ തന്നെ പാലക്കാട്ടേക്ക് എത്തിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com