"കശ്മീരിനെ കൊള്ളയടിച്ചത് മൂന്ന് കുടുംബങ്ങൾ"; കോൺഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് അമിത് ഷാ

കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ പിഡിപി എന്നിങ്ങനെ മൂന്ന് കുടുംബങ്ങൾ ചേർന്ന് തീവ്രവാദം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു
"കശ്മീരിനെ കൊള്ളയടിച്ചത് മൂന്ന് കുടുംബങ്ങൾ"; കോൺഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് അമിത് ഷാ
Published on

ഒരു ശക്തിക്കും ജമ്മുകശ്മീരിലെ സ്വയംഭരണത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ പിഡിപി എന്നിങ്ങനെ മൂന്ന് കുടുംബങ്ങൾ ചേർന്നാണ് ജമ്മു കശ്‍മീരിനെ കൊള്ളയടിച്ചതെന്നും ഇപ്പോൾ തീവ്രവാദം തിരികെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രതിപക്ഷത്തിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന.

"പ്രതിപക്ഷം പാകിസ്ഥാനുമായി സംസാരിക്കണമെന്ന് പറയുന്നു, എന്നാൽ ജമ്മുവിൽ സമാധാനം ഉണ്ടാകുന്നത് വരെ പാകിസ്ഥാനുമായി ഒരു ചർച്ചയും കേന്ദ്രം നടത്തില്ല. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ പിഡിപി ഇവർ ചേർന്ന് ജമ്മു കശ്മീരിനെ അഴിമതിയുടെ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. സ്വയംഭരണം തിരികെ കൊണ്ടുവരുമെന്നും അവർ പറയുന്നു. ജമ്മു കശ്മീരിൽ സ്വയംഭരണത്തെ കുറിച്ച് സംസാരിക്കാൻ ഒരു ശക്തിക്കും കഴിയില്ല,” അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സംസ്ഥാന പദവി വാഗ്‌ദാനത്തേയും അമിത് ഷാ വിമർശിച്ചു. നിങ്ങൾക്ക് എങ്ങനെ സംസ്ഥാനപദവി നൽകാനാകും. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കരുതെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 തിരികെ സ്ഥാപിക്കില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലും അമിത് ഷാ പറഞ്ഞിരുന്നു. ആർട്ടിക്കിൾ 370 ചരിത്രമാണെന്നും ഒരിക്കലും തിരിച്ച് കൊണ്ടു വരില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. കശ്മീരിൽ യുവാക്കളെ തോക്കുകളും കല്ലുകളും ഏൽപ്പിക്കുന്നതിലേക്ക് നയിച്ചത് ആർട്ടിക്കിൾ 370 ആണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് സഖ്യത്തോടെ മത്സരിക്കുന്ന നാഷണൽ കോൺഫറൻസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നുണ്ട്. 2019ലാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കിയത്. 2014ന് ശേഷം ജമ്മു കശ്മീരിൽ നടക്കാൻ പോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ജമ്മു കശ്മീരിന് ഉടൻ തന്നെ കേന്ദ്ര പദവി തിരികെ നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനം ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയുമായി എപ്പോഴും ചേർത്ത് നിർത്തുവാൻ ശ്രമിച്ചിട്ടുള്ളതായും ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശത്തിന് എത്തിയ അമിത് ഷാ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com