പ്രതികളുടെ ദേശീയ രജിസ്‌ട്രി, 5000 'സൈബർ കമാൻഡോകൾ; രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി പുത്തൻ പദ്ധതികൾ അവതരിപ്പിച്ച് അമിത് ഷാ

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം
പ്രതികളുടെ ദേശീയ രജിസ്‌ട്രി, 5000 'സൈബർ കമാൻഡോകൾ; രാജ്യത്തെ സൈബർ സുരക്ഷയ്ക്കായി പുത്തൻ പദ്ധതികൾ അവതരിപ്പിച്ച് അമിത് ഷാ
Published on



രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബർ സുരക്ഷയ്ക്കായി 5,000 'സൈബർ കമാൻഡോകളെ' പരിശീലിപ്പിക്കുക, വെബ് അധിഷ്‌ഠിത ഡാറ്റ രജിസ്‌ട്രി, സൈബർ കുറ്റകൃത്യ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു പോർട്ടൽ എന്നിവ സജ്ജീകരിക്കുക, ഭാവിയിലെ കുറ്റകൃത്യങ്ങൾ തടയാനായി പ്രതികളുടെ ദേശീയ രജിസ്‌ട്രി നിർമാണം തുടങ്ങി നിരവധി പുതിയ പദ്ധതികളാണ് അമിത് ഷാ പ്രഖ്യാപിച്ചത്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രഖ്യാപനം. സൈബർ കുറ്റകൃത്യങ്ങൾക്ക് അതിരുകളില്ലെന്നും സൈബർ സുരക്ഷയില്ലാതെ രാജ്യസുരക്ഷ അസാധ്യമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

സൈബർ സുരക്ഷാ പദ്ധതികൾക്കായി പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്‌മെൻ്റ് അഗ്രഗേറ്റർമാർ, ടെലികോം, സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളുമായി സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻ്റർ (സിഎഫ്എംസി) രൂപീകരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾക്കും തടസ്സമില്ലാത്ത സഹകരണത്തിനുമായി ഈ ഏജൻസികളെല്ലാം ഒരുമിച്ച് പ്രവർത്തിക്കും. നിയമപാലനത്തിലുള്ള സഹകരണ ഫെഡറലിസത്തിൻ്റെ ഉദാഹരണമായി സിഎഫ്എംസി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

മേവാത്ത്, ജംതാര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളിൽ സംയുക്ത സൈബർ കോ-ഓർഡിനേഷൻ ടീമുകളുടെ രൂപീകരിച്ചത് മികച്ച ഫലം നൽകിയിട്ടുണ്ടെന്നും, 'സൈബർ ദോസ്ത്' സംരംഭത്തിന് കീഴിൽ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ I4C ഫലപ്രദമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

'സൈബർ കമാൻഡോസ്' പ്രോഗ്രാമിന് കീഴിൽ, രാജ്യത്തെ സൈബർ സുരക്ഷയ്ക്ക് നേരെ ഉയരുന്ന ഭീഷണികളെ നേരിടാൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രത്യേക വിഭാഗത്തെയും, സിബിഐ പോലുള്ള കേന്ദ്ര പൊലീസ് സംഘടനകളും വിന്യസിക്കും. പരിശീലനം ലഭിച്ച സൈബർ കമാൻഡോകൾ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും സഹായിക്കുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.

ആഗോള ഡിജിറ്റൽ ഇടപാടുകളുടെ 46% ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തരമന്ത്രി, രാജ്യത്തെ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2014 മാർച്ച് 31-ന് 25 കോടിയിൽ നിന്ന് 2024 മാർച്ച് 31ന് 95 കോടിയായി ഉയർന്നതായും ചൂണ്ടിക്കാട്ടി. ഡൗൺലോഡിംഗ് വേഗതയിലെ വർധനയും ചെലവിലെ കുറവും കാരണം ഡാറ്റാ ഉപഭോഗം 0.26 ജിബിയിൽ നിന്ന് 78 മടങ്ങ് വർധിച്ച് 20.27 ജിബിയായി ഉയർന്നിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യ സംരംഭം, നിരവധി സൗകര്യങ്ങൾ ഓൺലൈനിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും 2024ൽ 20.64 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ ഡിജിറ്റലായി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്കാരം സംസ്ഥാന പൊലീസ് മേധാവി ഏറ്റുവാങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേരള പൊലീസിന് പുരസ്‌കാരം നൽകിയത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com