
മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് 12 മണിക്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സംസ്ഥാനത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനം.
മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ചേരുന്നത്. ഇന്നലെ ഡെൽഹിയിൽ ചേർന്ന ഉന്നതല യോഗത്തിൽ സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗിനെ മണിപ്പൂരിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാൻ കടുത്ത നടപടികളെടുക്കാൻ സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ 2023 മെയ് മുതല്‍ ആരംഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസം ഇംഫാല്‍ താഴ്വരയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ മണിപ്പൂരിലെ സമാധാനനില തകിടം മറിച്ചിരിക്കുന്നത്. ജനരോക്ഷം മണിപ്പൂരില്‍ ആളിക്കത്തുകയാണ്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തിയിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താൽകാലികമായി ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മണിപ്പൂരിൽ ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്തെയികളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.