
പഹാഡി, ഗുജ്ജാർ, ദളിത് വിഭാഗങ്ങളുടെ സംവരണം നിർത്തലാക്കില്ലെന്നും പഴയപടി തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ നൗഷേരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രഖ്യാപനം. സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
പഹാഡി വിഭാഗം സംവരണത്തിന് അർഹരല്ലെന്ന് യു.എസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞതായി ബിജെപി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവർത്തിച്ചു. കശ്മീരി പഹാഡികൾ, ഗുജ്ജാർ ബക്കർവാൾ, വാൽമീകി അടക്കമുള്ള ദളിത്, ഒബിസി വിഭാഗങ്ങൾക്ക് നൽകിയ സംവരണം നിർത്തലാക്കില്ലെന്നും എല്ലാം പഴയപടി തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
"കോൺഗ്രസും നാഷണൽ കോൺഫറൻസും ഇത് നിർത്തലാക്കുമെന്ന് പ്രസ്താവന നടത്തി. പഹാഡി സംവരണം വേണ്ടെന്ന് രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി പറഞ്ഞു. പക്ഷേ സംവരണം ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ല," അമിത് ഷാ റാലിയിൽ പറഞ്ഞു. കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ഇനിയാർക്കും കഴിയില്ല എന്നും ഫാറൂഖ് അബ്ദുള്ളയ്ക്കുള്ള മറുപടിയായി അമിത് ഷാ വ്യക്തമാക്കി.
മോദി സർക്കാർ ജമ്മു കശ്മീരിലെ ഒരു ഭീകരവാദിയെയും വെറുതെ വിടില്ല. തീവ്രവാദം പൂർണമായും ഇല്ലാതാകുന്നത് വരെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കുമില്ല. അതിർത്തിയിലുള്ളവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയ്ക്കായി സർക്കാർ ഭൂഗർഭ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ടെന്നും വെടിയുതിർത്താൽ ഷെൽ ഉപയോഗിച്ച് പ്രതികരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.