"രബീന്ദ്രസംഗീതത്തിന് പകരം കേൾക്കുന്നത് ബോംബുകളുടെ ശബ്ദം"; 2026ല്‍ ബംഗാളില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

ഓഗസ്റ്റ് 9ന് നടന്ന ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിനു ശേഷം സംസ്ഥാനം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്
"രബീന്ദ്രസംഗീതത്തിന് പകരം കേൾക്കുന്നത് ബോംബുകളുടെ ശബ്ദം"; 2026ല്‍ ബംഗാളില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ
Published on

2026ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർജി കർ മെഡിക്കൽ കോളേജിലെ 31കാരിയായ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ കൊൽക്കത്തയിൽ സർക്കാർ വിരുദ്ധ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ അവകാശവാദം. കൊൽക്കത്തയിലെ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെൻ്ററിൽ നടന്ന ബിജെപി മെമ്പർഷിപ്പ് ഡ്രൈവിൻ്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

"ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സീറ്റുകൾ കുറയ്ക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മമത. രണ്ടു സീറ്റുകളുള്ളപ്പോഴാണ് ഈ പാർട്ടി ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ ലക്ഷ്യമിട്ടത് എന്ന് മറക്കരുത്. ബംഗാളില്‍ സർക്കാറിന്‍റെ ഒത്താശയോടെ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഇത് തടയാനുള്ള ഏക പോംവഴി 2026ൽ ബിജെപിയെ തെരഞ്ഞെടുക്കുക എന്നതാണ്. രബീന്ദ്രസംഗീതത്തിന് പകരം ബംഗാൾ ഇന്ന് കേൾക്കുന്നത് ബോംബുകളുടെ ശബ്ദമാണ്", അമിത് ഷാ പറഞ്ഞു. 2026ല്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Also Read: യുവതിയെ കൊന്ന് മജിസ്ട്രേറ്റി‍ന്‍റെ ഓഫീസിന് സമീപം കുഴിച്ചിട്ട് യുവാവ്; ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം

ഓഗസ്റ്റ് 9ന് നടന്ന ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിനു ശേഷം സംസ്ഥാനം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്. അഴിമതിക്കും ബലാത്സംഗ സംസ്‌കാരത്തിനും എതിരെ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തില്‍ വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഡോക്ടർമാരുടെ കൂടിക്കാഴ്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും സംസ്ഥാനത്തെ സർക്കാർ വിരുദ്ധ സാഹചര്യങ്ങള്‍ മാറിയിട്ടില്ല.

ഡോക്ടർമാരുടെ പ്രതിഷേധത്തിന് ഒപ്പം തന്നെ ബിജെപിയും വിവിധ സമര പരിപാടികളുമായി രംഗത്തെത്തിയിരുന്നു. തൃണമൂൽ സർക്കാരിന്‍റെ ഭരണത്തിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് ബിജെപി. അതുകൊണ്ടു തന്നെ ബംഗാളിലെ ക്രമസമാധാന നിലയെ മുന്‍നിർത്തിയായിരുന്നു അമിത് ഷായുടെ പ്രസ്താവനകള്‍ അധികവും.

Also Read: 'ഡീസന്റ് അപ്രോച്ച്, ഡീസന്റ് അറ്റാക്ക്, അനാ ഡീപ്പായിറുക്കും'; വിക്രവാണ്ടിയില്‍ വിജയാരവം

കേന്ദ്ര മന്ത്രിക്കൊപ്പം വേദിയില്‍ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയുമുണ്ടായിരുന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കേഡർമാർ ബിജെപി അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. നവംബറിൽ നടക്കുന്ന സംസ്ഥാനത്തെ ബിജെപി അംഗത്വ കാംപെയ്‌നിൽ പങ്ക് ചേരുമെന്നും മിഥുന്‍ ചക്രവർത്തി അറിയിച്ചു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com