
ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള പുതിയ സംഘടന രൂപീകരിക്കാൻ താരങ്ങൾ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. AMMAയെ നില നിർത്തി കൊണ്ട് പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന നടന്നതെന്നും ബി. ഉണ്ണികൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ജനറല്‍ സെക്രട്ടറി സിദ്ദീഖ്, ജോയിന്‍റ് സെക്രട്ടറി ബാബുരാജ് എന്നിവരടക്കം സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ലൈംഗികാരോപണം വന്നതോടെ AMMAയുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലായി. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. സംഘടനയിലെ കൂട്ടരാജിയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉള്ളില്‍ തന്നെ എതിര്‍പ്പ് പ്രകടമായിരുന്നു.
ഈ സാഹചര്യത്തലാണ് AMMAയ്ക്ക് സമാന്തരമായി ട്രേഡ് യൂണിയന്‍ സ്വഭാവത്തിലുള്ള സംഘടന രൂപീകരിക്കാന്‍ അഭിനേതാക്കളിലെ ഒരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നത്.
സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾത്തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനും രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.