
നിര്‍മാതാക്കള്‍ നല്‍കിയ മാനനഷ്ടകേസില്‍ നടനും AMMA മുന്‍ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തലയ്ക്ക് നിയമസഹായം നല്‍കാന്‍ AMMA. ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശം വ്യക്തി പരമല്ലെന്നാണ് AMMA പറയുന്നത്. അപവാദപ്രചരണത്തില്‍ മാപ്പ് പറഞ്ഞില്ലെന്ന് കാണിച്ചാണ് ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നിര്‍മാതാക്കളുടെ സംഘടന നിയമ നടപടിക്ക് ഒരുങ്ങിയത്. ഫെബ്രുവരി 14നു ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് നടപടി.
വിവിധ ഷോകളിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഓഫീസ് നിര്‍മിക്കാന്‍ AMMA ഒരു കോടിയോളം രൂപ നല്‍കിയെന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ ആരോപണം. 'നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ വര്‍ഷം AMMA യില്‍ വന്ന് പറയുകയാണ് അവര്‍ക്ക് ഒരു ഓഫീസ് തുടങ്ങാന്‍ സഹായം വേണമെന്ന്. അപ്പോള്‍ AMMA ഒരു കോടി രൂപ കൊടുക്കുകയും ചെയ്തു. ഇതെല്ലാം പുറത്തുപറയേണ്ട കാര്യങ്ങള്‍ അല്ലാത്തതിനാല്‍ മിണ്ടാതിരുന്നതാണ്. അതില്‍ 40 ലക്ഷം രൂപ ഇനിയും അവര്‍ തിരിച്ചുതരാനുണ്ട്. പിന്നെ AMMAയുടെ ആര്‍ട്ടിസ്റ്റുകളെ വെച്ചുകൊണ്ട് ഷോ ചെയ്തുകൊണ്ട് അതിന്റെ ഗുണം പറ്റുന്നവരാണ് നിര്‍മാതാക്കളുടെ സംഘടന', കേസിനാസ്പദമായ വാര്‍ത്താ സമ്മേളനത്തില്‍ ജയന്‍ ചേര്‍ത്തല പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടന സിനിമാ സമരം പ്രഖ്യാപിക്കുന്നതായി അറിയിച്ചു കൊണ്ട് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.
നടന്‍മാര്‍ സിനിമ നിര്‍മിക്കരുതെന്ന് പറയുന്നത് വൃത്തികെട്ട നിലപാടാണെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടന മാത്രം സിനിമ നിര്‍മിക്കുക എന്ന് പറയുന്നത് താരങ്ങളെ പണിക്കാരായി കാണുന്നതിന് തുല്യമാണെന്നായിരുന്നു നടന്റെ നിലപാട്.