
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ പ്ലസ്ടു വിദ്യാർഥി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുളത്തിൽ കുളിച്ചതിനു പിന്നാലെയാണ് വിദ്യാർഥി രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർഥികളും നിരീക്ഷണത്തിലാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് നാവായിക്കുളം സ്വദേശിനി ശരണ്യക്കും (24) രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ആ സമയത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഏഴ് പേരാണ് ചികിത്സ തേടിയത്.
നെയ്യാറ്റിൻകര കണ്ണറവിളയിൽ യുവാവിൻ്റെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കണ്ണറവിള സ്വദേശി അഖിലാണ് ജൂലൈ 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുളത്തിൽ കുളിച്ച ശേഷം ഇയാൾക്ക് കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്.
ഇതേ കുളത്തിൽ കുളിച്ച ശേഷം പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സ തേടിയ നാല് പേരിൽ മൂന്നുപേർക്കും പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പ്ലാവറത്തലയിൽ അനീഷ് (26), പൂതംകോട് സ്വദേശി അച്ചു (25), പൂതംകോടിനു സമീപം ഹരീഷ് (27), ബോധിനഗർ ധനുഷ് (26) എന്നിവരാണ് ചികിത്സ തേടിയത്.
Also Read: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കാസർഗോഡ് ഒരു മരണം
കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബയുടെ സാന്നിധ്യമുള്ള മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. എന്നാൽ അതേ ജലസ്രോതസ് ഉപയോഗിച്ച നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുമില്ല. ഇതിൻ്റെ കാരണം കണ്ടെത്താനായി ഐസിഎംആറിൻ്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ കേസ് കണ്‍ട്രോള്‍ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന വെള്ളം, ഒഴുക്കില്ലാത്ത ജലാശയം, വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂളുകള്‍-കനാലുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗാണുക്കള്‍ ശരീരത്തിലേക്ക് എത്തുന്നത്. മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ പ്രവേശിക്കുന്ന രോഗാണുക്കള്‍ തലച്ചോറിലെത്തുന്നു. കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരില്ല. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ.