
രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുകുട്ടികൾ മരിച്ചതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് നിർദ്ദേശം.
വൃത്തിഹീനമായ ജലാശയങ്ങളിൽ നിന്നാണ് രോഗം പടരുന്നതെന്നും അതിനാൽ അങ്ങനെയുള്ള ജലാശയങ്ങളിൽ കുളിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം കൂടുതലായും ബാധിക്കുന്നത് കുട്ടികളെയാണ്. അതിനാൽ കുട്ടികൾ ജലാശങ്ങളിൽ ഇറങ്ങുന്നതിൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേഷന് വിധേയമാക്കണം. സ്വിമ്മിംഗ് പൂളുകളിൽ കുളിക്കുന്നവർ നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗ സാധ്യത കുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.