
അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. നിലവിലെ പുരോഗതി തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യനില പൂർണമായി ഭേദമാകുമെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.
തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പ് ജർമ്മനിയിൽ നിന്നും എത്തിച്ചതുൾപ്പെടെ അഞ്ചു മരുന്നുകളാണ് ഇപ്പോൾ കുട്ടിക്ക് നൽകുന്നത്. കുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റിയതായും, ആശങ്കയുടെ വലിയ ഘട്ടം കഴിഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലെ പുരോഗതി തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ അസുഖം പൂർണമായി ഭേദമായി ആശുപത്രി വിടാൻ കുട്ടിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. രണ്ടു കുട്ടികളും കുളിച്ച കീഴൂര്‍ കാട്ടുംകുളം ക്ലോറിനേറ്റ് ചെയ്ത് അടച്ച് കുളത്തിലെ വെള്ളം ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് അയച്ചു. സമീപപ്രദേശങ്ങളിലെ കുളങ്ങളും ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് പയ്യോളി നഗരസഭ അധികൃതർ ജാഗ്രത നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.