
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കും. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ആരോഗ്യ വകുപ്പ് ജർമ്മനിയിൽ നിന്നും എത്തിച്ചതുൾപ്പെടെ അഞ്ചു മരുന്നുകളാണ് കുട്ടിക്ക് നൽകി വരുന്നത്.
കഴിഞ്ഞ ദിവസം കുട്ടിയെ വെന്റിലേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടെങ്കിലും കുട്ടിയുടെ സാമ്പിൾ വീണ്ടും പോണ്ടിച്ചേരിയിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുപത് ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്തു ദിവസം കഴിഞ്ഞു. ഈ പരിശോധനാ ഫലം കൂടെ നെഗറ്റീവ് ആയാൽ മാത്രമെ രോഗാവസ്ഥ തരണം ചെയ്തൂവെന്ന് പറയാനാകൂ. അതിനുശേഷം മാത്രമേ ഡിസ്ചാർജിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു.
കീഴൂർ കാട്ടും കുളത്തിലാണ് കുട്ടി കുളിച്ചത്. ഇതോടെ ഈ കുളം നിരീക്ഷണത്തിലായിരുന്നു. ക്ലോറിനേറ്റ് ചെയ്ത് കുളം അടച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കുളങ്ങളും ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് പയ്യോളി നഗരസഭ അധികൃതർ ജാഗ്രത നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.