
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സയ്ക്കുള്ള പ്രതിരോധ മരുന്ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിക്കും. ജർമനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുക. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കുമെന്നാണ് വിവരം.
മസ്തിഷ്ക ജ്വരത്തിൻ്റെ മരുന്നുകൾ വിദേശത്തു നിന്ന് കേരളത്തിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്ന് എത്തിക്കുന്നത്.
അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി, മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യൻ്റെ ശരീരത്തിൽ കടക്കുകയും, തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. രോഗം ബാധിച്ചാൽ പനി, തലവേദന, ഛർദി, അപസ്മാരം, കാഴ്ച മങ്ങൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും.
കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ട്. ക്ലോറിനേഷൻ നടത്തുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടിന് പുറമേ മറ്റു ജലാശയങ്ങളിൽ കുളിക്കുമ്പോൾ വെള്ളം കുടിച്ചതു കൊണ്ട് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. മൂക്കിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. നീന്തുമ്പോഴോ മറ്റോ, അബദ്ധത്തിൽ വെള്ളം മൂക്കിൽ കയറുമ്പോഴാണ് അതിനൊപ്പം രോഗാണുക്കളും ശരീരത്തിൽ എത്തുന്നത്.