
കാസർഗോഡ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. കാസർഗോഡ് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് നാവായിക്കുളം സ്വദേശിനി ശരണ്യക്കും (24) രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ആ സമയത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഏഴ് പേരാണ് ചികിത്സ തേടിയത്.
തിരുവനന്തപുരം നെയ്യാറ്റിൻകര കണ്ണറവിളയിൽ യുവാവിൻ്റെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരം മൂലമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കണ്ണറവിള സ്വദേശി അഖിലാണ് ജൂലൈ 23ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുളത്തിൽ കുളിച്ച ശേഷം ഇയാൾക്ക് കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിന് പനി ബാധിച്ചത്.
ഇതേ കുളത്തിൽ കുളിച്ച ശേഷം പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സ തേടിയ നാല് പേരിൽ മൂന്നുപേർക്കും പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പ്ലാവറത്തലയിൽ അനീഷ് (26), പൂതംകോട് സ്വദേശി അച്ചു (25), പൂതംകോടിനു സമീപം ഹരീഷ് (27), ബോധിനഗർ ധനുഷ് (26) എന്നിവരാണ് ചികിത്സ തേടിയത്.