
അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയില്‍ തലസ്ഥാനം. അഞ്ച് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരാണ് ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ രണ്ട് പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കള്‍, ഒരു പേരൂര്‍ക്കട സ്വദേശി എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവര്‍. നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നെല്ലിമൂട് സ്വദേശികള്‍ക്ക് രോഗം ബാധിച്ചത് കാവിന്‍കുളത്തില്‍ നിന്നെന്നാണ് നിഗമനം. നാല് പേരും ഒരേ കുളത്തില്‍ നിന്നാണ് കുളിച്ചത്. എന്നാല്‍, പേരൂര്‍ക്കട സ്വദേശിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. നെല്ലിമൂടില്‍ 39 പേര്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.
പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
ആദ്യ പരിശോധനയില്‍ കണ്ണറവിളയിലെ പൊതുകുളത്തിലെ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അമീബിക് മസ്തിഷ്ക ജ്വരം
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആളുകളിലാണ് അപൂര്‍വമായി അമീബിക്ക് മസ്തിഷ്‌ക ജ്വരം കാണുന്നത്. തീവ്രമായ തലവേദന, പനി, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടണം.
ഉയര്‍ന്ന താപനിലയില്‍ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കും. നെയ്‌ഗ്ലേറിയ ഫൗളറി അപൂര്‍വരോഗ ഗണത്തില്‍പെട്ടതാണെങ്കിലും മരണനിരക്ക് 97 ശതമാനത്തോളമാണ്. തുടക്കത്തില്‍ തന്നെ രോഗകാരണം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതാണ് മരണസാധ്യത വര്‍ധിപ്പിക്കുന്നത്.