
നടന്‍ ബാലക്കെതിരെ യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് മുന്‍ ഭാര്യ അമൃത സുരേഷ്. തന്നെയും കുടുംബത്തേയും ജീവിക്കാൻ അനുവദിക്കണം. ബാല പറയുന്നതെല്ലാം കളവാണ്. മകളെ താനല്ല പ്രശ്നങ്ങളിലേയ്ക്ക് വലിച്ചിഴച്ചതെന്നും അമൃത സുരേഷ് പറഞ്ഞു.
'ഇനിയെങ്കിലും ഞങ്ങളെ ഉപദ്രവിക്കരുത്, കേസിന് പുറകെ പോയത് അതുകൊണ്ടാണ്. ഞാനായിട്ട് ബാലയുടെ ജീവിതമോ, എന്‍റെ പാസ്റ്റോ ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ല. നേരത്തെ എന്താണോ ചെയ്തിരുന്നത് അത് വീണ്ടും ബാല ആവര്‍ത്തിക്കുകയാണ്. ഞാനും എന്‍റെ മകളും അനുഭവിച്ച കാര്യങ്ങളാണ് പൊലീസിനോട് പറഞ്ഞത്. ബാല തോക്കുമായി വീട്ടില്‍ കയറി ചെന്ന സംഭവമൊക്കെ ഭയപ്പെടുത്തുന്നതാണ്. വിവാഹസമയത്തേ അത്തരം ഗുണ്ടായിസമൊക്കെ ഉണ്ട്. ആരോടും പകവീട്ടാനോ പ്രതികാരത്തിനോ അല്ല കേസുമായി മുന്നോട്ട് പോയത്'- അമൃത സുരേഷും സഹോദരി അഭിരാമിയും പറഞ്ഞു. ബാലക്കെതിരെ നല്‍കിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.
ഉപാധികളോടെ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിക്കെതിരെ യാതൊരു തരത്തിലുമുള്ള പ്രചരണങ്ങൾ നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. പരാതിക്കാരിയെയോ കുട്ടിയേയോ ഫോണിലോ അല്ലാതേയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമാണ് ജാമ്യ ഉപാധികള്‍. സോഷ്യൽ മീഡിയയിൽ കൂടി സ്ത്രീത്വത്തെ അപമാനിച്ചെന്ന അമൃതയുടെ പരാതിയിലാണ് ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മകളുടേയോ കുടുംബത്തിൻ്റെയോ പേര് താൻ ഇനി പറയില്ലെന്നായിരുന്നു ജാമ്യം കിട്ടിയ ശേഷമുള്ള ബാലയുടെ പ്രതികരണം. ഏറ്റവും വിഷമിപ്പിച്ചത് മകൾ എതിരായതാണ്. മൂന്ന് ആഴ്ചയായി മകളുടെ പേര് താൻ പറയാറില്ലായിരുന്നെന്നും ബാല പറഞ്ഞു.
ബാലയില്‍ നിന്ന് താനും അമ്മയും നേരിട്ട മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച് സമൂഹമാധ്യമത്തിലൂടെയുള്ള മകളുടെ വെളിപ്പെടുത്തലാണ് സംഭവങ്ങളുടെ തുടക്കം. ബാലയെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കിയിരുന്നു.