
മധ്യപ്രദേശിലെ ഇൻഡോറിൽ 11 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച 'ഏക് പേട് മാ കേ നാം'(അമ്മയുടെ പേരിൽ ഒരു മരം) പദ്ധതിയുടെ ഭാഗമായാണ് തൈകൾ നടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനുള്ള ഉചിതമായ മറുപടിയാണ് ഈ പദ്ധതിയെന്നും അമിത് ഷാ വ്യക്തമാക്കി.
11 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഇൻഡോറിലെ ജനങ്ങൾ ലോക റെക്കോർഡ് സൃഷ്ടിക്കാൻ പോകുന്ന ചരിത്ര ദിവസമാണ് ഇന്നെന്ന് രാവിലെ പങ്കുവെച്ച എക്സ് പോസ്റ്റിൽ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇൻഡോറിലെ രേവതി റേഞ്ചിലെ ബിഎസ്എഫ് ക്യാമ്പസിലാണ് വൃക്ഷത്തൈകൾ നടുന്നത്. രാവിലെ അമിത് ഷാ തൻ്റെ അമ്മയുടെ പേരിൽ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം തൈകളിൽ ഏഴ് ലക്ഷത്തോളം ഉച്ചയോടെ നട്ടതായി ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ വ്യക്തമാക്കി.
"രാജ്യത്ത് വികസനം നടക്കുന്നു, ഞങ്ങൾ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. തിരിഞ്ഞ് നോക്കാനും വരും തലമുറയ്‌ക്കായി പ്രവർത്തിക്കാനും മോദിജി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിയോടുള്ള കരുതൽ രാജ്യത്തിന് മാത്രമല്ല ലോകത്തിനും പ്രധാനമാണ്. ഓസോൺ പാളിയിലേറ്റ വിള്ളൽ അന്തരീക്ഷത്തിൽ ചൂട് വർധിപ്പിച്ചു. മോദി ജി ആരംഭിച്ച ഡ്രൈവ് പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള ഉചിതമായ മറുപടിയാണ്"
അമിത് ഷാ പറഞ്ഞു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു നരേന്ദ്ര മോദി 'ഏക് പേട് മാ കേ നാം'പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങൾ അമ്മയുടെ പേരിൽ ഒരു വൃക്ഷം നടണമെന്നായിരുന്നു മോദിയുടെ നിർദേശം. ഇതിനു കീഴിൽ രാജ്യത്തുടനീളം 140 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.