"പറ്റിച്ചു ജീവിക്കാനേ അറിയുള്ളു, അത് എന്റെ മിടുക്ക്"; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കാർത്തിക പ്രദീപ്

കാർത്തിക പരാതിക്കാർക്കയച്ച ഓഡിയോ സന്ദേശത്തമാണ് പുറത്തുവന്നത്
"പറ്റിച്ചു ജീവിക്കാനേ അറിയുള്ളു, അത് എന്റെ മിടുക്ക്"; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കാർത്തിക പ്രദീപ്
Published on


പറ്റിച്ചു ജീവിക്കുന്നത് തന്റെ മിടുക്കെന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ മോഡലും ഡോക്ടറുമായ കാർത്തിക പ്രദീപ്. എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനാണെന്നും കാർത്തിക പരാതിക്കാർക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു. യുക്രെയ്നിൽ ഡോക്ടർ എന്ന് പറഞ്ഞാണ് കാർത്തിക പ്രദീപ് തട്ടിപ്പ് നടത്തിയത്. യുക്രെയ്നിലായിരുന്നു ഇവർ പഠനം നടത്തിയിരുന്നത്. എന്നാൽ എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.


യുകെ, ഓസ്ട്രേലിയ, ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ഫ്ലക്‌സ് ബോര്‍ഡുകളിലും നല്‍കിയിരുന്നു. ജോലിക്കായി പണം നൽകി ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചവരെ കാപ്പാ കേസ് പ്രതികളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ചാണ് കാർത്തിക ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാർത്തിക ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇരുപത്തിയഞ്ചുകാരിയായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലെ താരമാണ്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകർ. ഇവരുടെ കൺസൾട്ടൻസി കമ്പനി 'ടേക്ക് ഓഫി'നെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണ് നിലവിലുള്ളത്. കേരളത്തിൽ പലയിടങ്ങളിലായി നൂറോളം വിദ്യാർഥികളെ ഇവർ പറ്റിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും ഇവർ വാങ്ങിയിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നി​ഗമനം. യുക്രെയ്നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ തട്ടിപ്പ് ആരംഭിച്ചെന്നും കണ്ടെത്തലുണ്ട്.

തട്ടിയെടുത്ത പണം ലഹരി ഇടപാടുകൾക്കായാണ് കാർത്തിക പ്രദീപ് ഉപയോഗപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. തട്ടിപ്പിൽ കാർത്തികയുടെ ഭർത്താവിനും പങ്കുണ്ടെന്ന സംശയത്തിൽ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com