നെയ്യാറ്റിൻകരയിൽ വയോധികൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധികൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ. മൃതദേഹവുമായി മാരായമുട്ടം കെഎസ്ഇബി ഓഫീസാണ് നാട്ടുകാർ ഉപരോധിച്ചത്. 15 ദിവസം പിന്നിട്ടിട്ടും പൊട്ടിയ കമ്പികൾ പാടത്ത് നിന്നും മാറ്റിയിരുന്നില്ല.
ഇന്ന് പുലർച്ചെയാണ് മാരായമുട്ടം സ്വദേശി ബാബു പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരണപ്പെടുന്നത്. ഷോക്കേറ്റ് കിടന്ന ബാബുവിനെ നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തെങ്ങ് വീണതിനെ തുടർന്നാണ് ഇലക്ട്രിക് കമ്പികൾ പൊട്ടുന്നത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും പൊട്ടിയ കമ്പി നേരെയാക്കാൻ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നു ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചു കൊണ്ടാണ് നാട്ടുകാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മരിച്ച ബാബുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ തഹസിൽദാർ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.