
അർഹമായ രേഖകൾ ഉണ്ടായിട്ടും ആദിവാസി കുടുംബത്തിന് വൈദ്യുതി കണക്ഷൻ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ. കോഴിക്കോട് കൂമ്പാറ കാരശ്ശേരിയിലെ ആദിവാസി കുടുംബത്തിന് കെഎസ്ഇബി വൈദ്യുതി നൽകാത്ത സംഭവത്തിലാണ്, 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകിയത്.
സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ആവശ്യമായ രേഖകൾ മുഴുവൻ ഉണ്ടായിട്ടും കാലക്കുഴിവീട്ടിൽ പ്രകാശനും കുടുംബത്തിനും കെഎസ്ഇബി വൈദ്യുതി നൽകാൻ വിസമ്മതിച്ചിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നിർമിച്ച് നൽകിയ വീട്ടിൽ, വൈദ്യുതി ലഭിക്കാൻ അപേക്ഷ നൽകി രണ്ടാഴ്ച്ചയായിട്ടും കെഎസ്ഇബി കണക്ഷൻ നൽകിയിരുന്നില്ല. വിഷയത്തിൽ മൗലികാവകാശ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച കമ്മീഷൻ, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വൈദ്യുതി നൽകാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഏഴു ദിവസത്തിനകം കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷൻ മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.