
ചികിത്സാ പിഴവ് മൂലം യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർക്ക് നല്‍കിയ ഉത്തരവിൽ പറയുന്നത്. കൃഷ്ണയുടെ ഭർത്താവ് ശരത് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
അതേസമയം, കൃഷ്ണയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി അധികൃതർ മെഡിക്കൽ രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നും, ഇസിജി എടുത്തെന്ന് വ്യാജ രേഖ ഉണ്ടാക്കിയെന്നും, കൃഷ്ണയുടെ ഭർത്താവിൻ്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
വയറുവേദനയെ തുടർന്നെത്തിയ യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഇവിടെ നിന്ന് നൽകിയ കുത്തിവെപ്പിൽ യുവതി അബോധാവസ്ഥയിൽ ആവുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കൃഷ്ണയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു.