
അമേരിക്കയിലേക്ക് അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകള്‍. കസ്റ്റംസ് ആൻഡ് ബോഡർ പ്രൊട്ടക്ഷൻ (സിപിബി)പുറത്തുവിട്ട കണക്കനുസരിച്ച് 1,70,000 ഓളം ഇന്ത്യക്കാരെയാണ് 2020 നുശേഷം ഹോംലാന്‍ഡ് സെക്യൂരിറ്റി നാടുകടത്തിയത്. കുടിയേറ്റക്കാരില്‍ അധികവും പഞ്ചാബ്, ഹരിയാന,ഗുജറാത്ത് സംസ്ഥാനത്ത് നിന്നുളളവരാണ്.
ഈ വർഷം സെപ്റ്റംബർ വരെ ആയിരത്തോളം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. 2,715 പേരെയാണ് ജൂണിൽ മാത്രം നാടുകടത്തപ്പെട്ടത്. അനധികൃതമായി അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. മെക്സിക്കോ, കാനഡ അതിർത്തികളിലൂടെ ഒറ്റയ്ക്കും കുടുംബമായും അമേരിക്കയിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുവെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷൻ വ്യക്തമാക്കുന്നു.
2022 ലെ കണക്കനുസരിച്ച് മെക്സിക്കോ,എല്‍ സാല്‍വദോർ കുടിയേറ്റക്കാർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റം ഇന്ത്യയില്‍ നിന്നാണ്. മുന്‍കാലങ്ങളില്‍ മെക്സിക്കോയിലൂടെയായിരുന്നു കുടിയേറ്റമെങ്കില്‍ ഇപ്പോള്‍ കനേഡിയന്‍ അതിർത്തിയാണ് കുടിയേറ്റക്കാർ പ്രധാന പാതയാക്കുന്നത്. കുറഞ്ഞ അതിർത്തി സുരക്ഷയും മറ്റ് ക്രിമിനല്‍ പ്രവർത്തനങ്ങളുടെ അഭാവവുമാണ് അതിന് കാരണം. വടക്കേ അതിർത്തിയിലുള്ള ന്യൂ ഹാംഷ്‌വെയർ, ന്യൂയോർക്ക്, വെർമോണ്ട് സ്റ്റേറ്റുകളിലേക്കാണ് കടക്കാന്‍ ശ്രമം നടത്തുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരിലധികവും. ബാക്കിയുള്ളവർ ഗുജറാത്തില്‍ നിന്നുള്ളവരുമാണ്. അതിൽ തന്നെ ഭൂരിഭാഗവും സിഖ് വിഭാഗക്കാരാണ്. 2021 കാലയളവുവരെ യുവാക്കളുടെ ഒറ്റയ്ക്കുള്ള ശ്രമങ്ങളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ 18 ശതമാനം വരെ കുട്ടികളുമായി അതിർത്തി കടക്കുന്ന കുടുംബങ്ങളാണെന്ന് അധികൃതർ പറയുന്നു. 2022 ജനുവരിയില്‍ ഗുജറാത്തില്‍ നിന്നുള്ള 11 അംഗ സംഘത്തിലുണ്ടായിരുന്ന നാലുപേരെ അമേരിക്കന്‍ അതിർത്തിയില്‍ തണുത്തു മരിച്ചതായി കണ്ടെത്തിയിരുന്നു.
മെച്ചപ്പെട്ട തൊഴിലവസരങ്ങളും വിദേശജീവിതവുമാണ് അതിർത്തി കടക്കുന്നവരുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവർ മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരെപ്പോലെ ദരിദ്രരല്ല. അതിർത്തി കടക്കാന്‍ സഹായിക്കുന്ന ഏജന്‍റുമാർക്ക് ഒരു ലക്ഷം യുഎസ് ഡോളർ- ഇന്ത്യന്‍ രൂപയില്‍ 85 ലക്ഷത്തിനടുത്ത് നല്‍കിയവർ വരെ കൂട്ടത്തിലുണ്ട്. ലോണുകളെടുത്തും ഭൂമി വിറ്റുമെല്ലാം ഇതിന് പണം കണ്ടെത്തിയവരുണ്ട്. വിദ്യാഭ്യാസം, ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മ എന്നീ കാരണങ്ങള്‍ കൊണ്ട് യുഎസില്‍ പഠനത്തിനും ജോലിക്കും വിസ ലഭിക്കാത്തവരാണ് ഈ മാർഗം തെരഞ്ഞെടുക്കുന്നത്.