Pieces of a Woman: മാർത്തയുടെ ശരിവഴികള്‍

പ്രസവത്തോടെ ഒരു സ്ത്രീയുടെ ജീവിതം ആകെ മാറി മറയുകയാണ് ചെയ്യുന്നത്. അവളുടെ ശരീരത്തിന് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു
Pieces of a Woman: മാർത്തയുടെ ശരിവഴികള്‍
Published on



മാര്‍ത്ത ഒരു അമ്മയാകാന്‍ പോവുകയാണ്. അവള്‍ സന്തോഷത്തോടെയാണ് പ്രസവത്തിലേക്ക് കടക്കാന്‍ പോകുന്നത്. അവള്‍ വീട്ടില്‍ തന്നെ പ്രസവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ത്തയുടെ പാര്‍ട്ട്ണര്‍ ഷോണും അവള്‍ക്കൊപ്പമുണ്ട്. പക്ഷെ മാര്‍ത്ത തീരുമാനിച്ചിരുന്ന മിഡ് വൈഫ് അല്ല പ്രസവത്തിനായി വരുന്നത്. അത് ആദ്യം അവളെ അസ്വസ്തയാക്കുന്നുണ്ട്. എന്നിരുന്നാലും അവള്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു. മിഡ് വൈഫ് കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് നോക്കിയ ശേഷം കുഞ്ഞ് ഹെല്‍ത്തിയാണെന്ന് പറയുന്നു. ആകെ സന്തോഷമുള്ള അന്തരീക്ഷം. മാര്‍ത്തയ്ക്ക് വേദന ഉണ്ടെങ്കിലും അവള്‍ എക്സൈറ്റഡാണ്.

പിന്നീട് നമ്മള്‍ കാണുന്നത് 23 മിനിറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ട് ഡെലിവറി സീനാണ്. അതിനിടയില്‍ മാര്‍ത്ത അവളുടെ സര്‍വ്വ ശക്തിയുമെടുത്ത് കുഞ്ഞിനെ പ്രസവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പെട്ടന്ന് മിഡ് വൈഫ് പറയുന്നു കുഞ്ഞിന് എന്തോ പ്രശ്നമുണ്ട് ഉടനെ തന്നെ ഹോസ്പ്പിറ്റലിലേക്ക് പോകണമെന്ന്. എത്രയും പെട്ടന്ന് തന്നെ മാര്‍ത്തയോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നു. മാര്‍ത്ത ശക്തിയോടെ ധൈര്യത്തോടെ കുഞ്ഞിന് ജന്മം നല്‍കുന്നു. അവള്‍ക്ക് ഒരു പെണ്‍ കുഞ്ഞാണ് പിറന്നത്. കരയുന്ന കുഞ്ഞിനെ അവള്‍ മാറോട് അണച്ച് സന്തോഷത്തോടെ കരയുന്നു. ഷോണ്‍ അവളുടെയും മകളുടെയും ഫോട്ടോ എടുക്കുന്ന സമയത്ത് മിഡ് വൈഫിനെന്തോ പ്രശ്നം തോന്നുകയും ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ മാര്‍ത്തയ്ക്ക് കുഞ്ഞിനെ എന്നേന്നേക്കുമായി നഷ്ടപ്പെടും. അതെ അവളുടെ മകളുമായി ഈ ലോകത്ത് അവള്‍ക്ക് ഒരു നിമിഷം മാത്രമാണ് ലഭിക്കുന്നത്.


ഇനി മാര്‍ത്തയ്ക്ക് ചെയ്യാന്‍ കഴിയുന്നത് മകളുടെ മരണവുമായി പൊരുത്തുപെടുക എന്നത് മാത്രമാണ്. ആ ഓര്‍മ്മയില്‍ നിന്നും സങ്കടത്തില്‍ നിന്നും മുക്തി നേടുക എന്നത് മാത്രം. അത് തന്നെയാണ് പീസസ് ഓഫ് എ വുമണ്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കോര്‍ണെയല്‍ മന്ത്രൂസോ പറയാന്‍ ശ്രമിക്കുന്നത്.

പ്രസവത്തോടെ ഒരു സ്ത്രീയുടെ ജീവിതം ആകെ മാറി മറയുകയാണ് ചെയ്യുന്നത്. അവളുടെ ശരീരത്തിന് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കുഞ്ഞ് മരണപ്പെട്ടുവെന്ന് കരുതി മാര്‍ത്തയ്ക്ക് പോസ്റ്റ്പാര്‍ട്ടത്തിലൂടെ കടന്ന് പോകാതിരിക്കാന്‍ കഴിയില്ലല്ലോ. അതെ അമ്മയായാല്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും അവളുടെ ശരീരത്തിനും സംഭവിക്കുന്നുണ്ട്. അത് കൃത്യമായി തന്നെ സംവിധായകന്‍ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഹൃദയത്തില്‍ മകള്‍ നഷ്ടപ്പെട്ട വേദനയും അടക്കി അവള്‍ അവളുടെ ജീവിതം തുടരുന്നു. ജോലിക്ക് പോകുന്നു. ഒരു ഷോപ്പില്‍ വെച്ച് ഒരു കുഞ്ഞിനെ കാണുമ്പോള്‍ മാര്‍ത്ത അറിയാതെ അവളെ നോക്കി പോകുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. അപ്പോള്‍ അവളുടെ ശരീരത്തില്‍ നിന്നും മുലപ്പാല്‍ വരുകയാണ്. അതായത് മാര്‍ത്ത മൂവ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം തന്നെ അവളുടെ ശരീരം വീണ്ടും വീണ്ടും ആ ട്രാജെഡി ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശരീരം മാത്രമല്ല അവള്‍ക്ക് ചുറ്റുമുള്ളവരും ഷോണ്‍ അടക്കുമുള്ളവര്‍ അവളെ ആ ട്രാജഡിയിലൂടെ വീണ്ടും വീണ്ടും കൊണ്ട് പോവുകയാണ് ചെയ്യുന്നത്.


ഒരു കുഞ്ഞ് മരിച്ചാല്‍ അമ്മയെങ്ങനെയാണ് അതിനെ നേരിടേണ്ടതെന്ന സമൂഹത്തിന്റെ രീതികള്‍ക്ക് വിപരീതമായാണ് മാര്‍ത്ത സിനിമയില്‍ ഉടനീളം പെരുമാറുന്നത്. അവളുടെ അമ്മയും പാര്‍ട്ട്ണര്‍ ഷോണും സഹോദരിയും എല്ലാം എക്സ്പെക്റ്റ് ചെയ്യുന്നത് സമൂഹം പറഞ്ഞുവെച്ച ആ രീതിയാണ്. എന്നാല്‍ മാര്‍ത്ത ശക്തമായി തന്നെ മൂവ് ഓണ്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

സിനിമയില്‍ ഉടനീളം മാര്‍ത്ത ആപ്പിള്‍ കഴിക്കുന്ന സീനുകള്‍ ഉണ്ട്. ആപ്പിളിന്റെ മണവും രുചിയും അവള്‍ വല്ലാതെ ആസ്വദിക്കുന്നുണ്ട്. അത് എന്താണെന്ന് സംവിധായകന്‍ സിനിമയുടെ അവസാനമാണ് പ്രേക്ഷകനോട് പറയുന്നത്. ആപ്പിള്‍ ഒരു മെറ്റഫര്‍ ആണ്. കുഞ്ഞിന്റെ വിയോഗത്തെയും അമ്മയുടെ ട്രോമയേയും എല്ലാമാണ് ആപ്പിള്‍ സൂചിപ്പിക്കുന്നത്. പുതിയ പ്രതീക്ഷകളെയും ആപ്പിള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ മാര്‍ത്തയുടെ കോപ്പിംഗ് മെക്കാനിസമാണ് ആപ്പിള്‍.


മാര്‍ത്തയുടെ അമ്മയും പാര്‍ട്ണറും ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് മാര്‍ത്തയുടെ ചിന്തകള്‍ പോകുന്നത്. അവര്‍ മിഡ് വൈഫിനെതിരെ കേസ് കൊടുക്കാന്‍ തുനിയുമ്പോള്‍ മാര്‍ത്തയ്ക്ക് അത് മനസിലാകുന്നില്ല. അവളുടെ അമ്മയോട് അവള്‍ പറയുന്നുണ്ട്. ഞാന്‍ ഇതിനെ നേരിടുന്നുണ്ടെന്ന്. പക്ഷെ അത് നിങ്ങളുടെ രീതിയില്‍ അല്ലെന്ന്. അപ്പോള്‍ അവളുടെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്. നീ എന്റെ രീതിയില്‍ ആണ് പോയിരുന്നതെങ്കില്‍ നിന്റെ കയിലിപ്പോള്‍ മകള്‍ ഉണ്ടായേനെ എന്ന്. അതിന് മാര്‍ത്തയ്ക്ക് മറുപടിയില്ല. പക്ഷെ അവള്‍ തകര്‍ന്ന് പോകുന്നത് നമുക്ക് കാണാന്‍ സാധിക്കും.

കുഞ്ഞിന്റെ മരണ ശേഷം മാര്‍ത്തയും പാര്‍ട്ണര്‍ ഷോണും തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീഴുന്നുണ്ട്. കുഞ്ഞിന്റെ മുറയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുമ്പോള്‍ ഷോണ്‍ അവളോട് ചോദിക്കുന്നുണ്ട്. എന്തിനാണ് നീ എന്റെ മകളെ ഇല്ലാതാക്കുന്നതെന്ന്. അപ്പോള്‍ മാര്‍ത്ത് കുഞ്ഞില്ലല്ലോ എന്നാണ് പറയുന്നത്. അവള്‍ ആ യാഥാര്‍ത്ഥ്യത്തോട് പതിയെ പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ചുറ്റുമുള്ളവര്‍ അത് ദുസ്സഹമാക്കുന്നു.


അവസാനം അവള്‍ കേസ് കൊടുക്കാന്‍ തയ്യാറാവുകയും ട്രയല്‍ നേരിടുകയും ചെയ്യുന്നു. ട്രയല്‍ റൂമില്‍ അവളെ കാത്തിരുന്നത് വലിയ ട്രോമയായിരുന്നു. മാര്‍ത്തയ്ക്ക് വീണ്ടും ആ ട്രോമയിലൂടെ കടന്ന് പോകേണ്ടി വരുകയാണ് ചെയ്യുന്നത്. അവളുടെ പ്രസവവും കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചതും കുഞ്ഞിന്റെ മരണവുമെല്ലാം വീണ്ടും വീണ്ടും അവള്‍ റീലിവ് ചെയ്യുന്നു. ഡിഫന്‍സ് ലോയര്‍ അവളെ ക്രോസ് ചെയ്യുമ്പോള്‍ മാര്‍ത്തയോട് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചത് ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അവള്‍ അപ്പോള്‍ ഒരു നിമിഷത്തേക്ക് നിശബ്ദയാകുന്നു. അയാള്‍ അവളോട് വീണ്ടും അതേ ചോദ്യം ചോദിക്കുന്നു. അപ്പോള്‍ അവള്‍ പറയുന്നത് ഞാന്‍ എന്റെ കുഞ്ഞിന്റെ മുഖത്തേയ്ക്കാണ് നോക്കിയത്. അവളുടെ മണം ഒരു ആപ്പിളിന്റേതായിരുന്നു എന്നാണ്. സിനിമയില്‍ ഉടനീളം മാര്‍ത്ത ആപ്പിള്‍ മണക്കുകയും കഴിക്കുകയും ചെയ്യുന്നതിന് വ്യക്തമായ കാരണമുണ്ട്. അവള്‍ അതിലൂടെ മകളെ ഓര്‍ക്കുകയാണ്. എന്നാല്‍ ആപ്പിളിന്റെ കുരു അവള്‍ നടാന്‍ തുടങ്ങുമ്പോള്‍ അവള്‍ അതിലൂടെ ഉദ്ദേശിക്കുന്നത് പുതിയൊരു തുടക്കമാണ്.

ട്രയലിനിടയില്‍ ഒരു ബ്രേക്ക് ചോദിച്ച മാര്‍ത്ത പോകുന്നത് കുഞ്ഞിന്റെയും അവളുടെയും ഫോട്ടോ കളക്ട് ചെയ്യാനാണ്. സിനിമയില്‍ മാര്‍ത്ത പൊട്ടി കരയുന്നത് അപ്പോള്‍ മാത്രമാണ്. ആ ഫോട്ടോ കാണുമ്പോള്‍. അപ്പോള്‍ അവിടെ വെച്ച് അവള്‍ ഒരു കാര്യം തീരുമാനിക്കുന്നുണ്ട്. അത് കോടതിയില്‍ എത്തി അവള്‍ എല്ലാവരോടുമായി പറയും. മിഡ് വൈഫിനെ ശിക്ഷിച്ചതുകൊണ്ടോ കോപന്‍സേഷന്‍ കിട്ടയതുകൊണ്ടോ എനിക്ക് എന്റെ മകളെ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് അവരെ ശിക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മാര്‍ത്ത പറയുന്നത്. മാര്‍ത്തയ്ക്ക് അപ്പോഴാണ് ഒരു ക്ലോഷര്‍ ലഭിക്കുന്നത്. അവള്‍ ആ യാഥാര്‍ത്ഥ്യം മനസിലാക്കുന്നത് ആ ഫോട്ടോ കണ്ടപ്പോഴാണ്. അതെ കുഞ്ഞ് അവളെ വിട്ട് പോയി എന്നാല്‍ തന്റെ ജീവിതം ഇനിയും മുന്നോട്ടുണ്ട്. അവളുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തെ സംവിധായകന്‍ സിനിമയില്‍ കാണിക്കുന്നതും ആപ്പിളിലൂടെയാണ്. അവള്‍ നട്ട ആപ്പിള്‍ കുരുക്കള്‍ മുളയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതെ അവള്‍ പുതിയൊരു തുടക്കത്തിലേക്ക് നടന്ന് അടുക്കുകയാണ്. പുതിയൊരു ജീവിതത്തിലേക്ക്.


വെനീസ കിര്‍ബിയുടെ മാര്‍ത്ത വള്‍ണറബിളാണ് അതോടൊപ്പം തന്നെ ശക്തയുമാണ്. അവള്‍ ജീവിതത്തിലെ ട്രോമയെ മറികടക്കനാണ് ശ്രമിക്കുന്നത്. സമൂഹത്തിന്റെ രീതിയില്‍ അല്ല അവളുടെ രീതിയില്‍. തന്റെ ശരീരവും പാര്‍ട്ണറും അമ്മയും ആരും തന്നെ ഒപ്പമില്ലാതിരുന്നിട്ടും അവള്‍ അതിനെ നേരിടുന്നു. മുന്നോട്ട് പോകുന്നു. ആപ്പിള്‍ കുരുക്കള്‍ മുളച്ചത് പോലെ അവളും ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com