
യുഎസിലെ ഇന്ത്യാനയില്‍ റോഡിലുണ്ടായ തര്‍ക്കത്തില്‍ 29 വയസുകാരനായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശിയായ ഗാവിന്‍ ഡസൗറാണ് മരിച്ചത്.
ഗാവിനും മെക്‌സിക്കൻ സ്വദേശിനിയായ ഭാര്യ വിവിയാന സമോറയും ഇന്ത്യാനയിലൂടെ വാഹനത്തില്‍ സഞ്ചരിക്കവെയാണ് സംഭവം. റോഡില്‍ ഒരു പിക്കപ്പ് ഡ്രൈവറുമായുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ജൂണ്‍ 29നാണ് ഇരുവരും വിവാഹിതരായത്.
ഗാവിന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡ് കൂടിച്ചേരുന്നിടത്ത് ഗാവിന്‍ വാഹനം നിര്‍ത്തുന്നതും ഇറങ്ങി ഒരു പിക്കപ്പ് ഡ്രൈവറുമായി തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. ഗാവിന്‍റെ കൈയില്‍ ഈ സമയത്ത് തോക്കുണ്ട്. ഗാവിന്‍ തോക്ക് പിക്കപ്പിന്‍റെ വിന്‍ഡോയില്‍ ഇടിച്ചതും ഡ്രൈവര്‍ ഉള്ളില്‍ നിന്നും വെടിവെക്കുകയായിരുന്നു. ഗാവിനെ പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും മരിയോണ്‍ കൗണ്ടി പ്രോസിക്യൂട്ടറുമായുള്ള കൂടിയാലോചനകള്‍ക്കും ശേഷം പ്രതിയെ വിട്ടയച്ചുവെന്ന് പൊലീസ് വക്താവ് പറഞ്ഞു.