പകുതിവില തട്ടിപ്പ്; പ്രതിരോധിച്ച് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ, മുൻകൂർ ജാമ്യാപേക്ഷയുമായി ലാലി വിൻസെൻ്റ്
പകുതിവില തട്ടിപ്പിൽ സ്വയം പ്രതിരോധം തീർത്ത് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ.കുടുംബം വിറ്റും പണം തിരികെ നൽകും.തൻ്റെ പൊതുജീവിതത്തിൻ്റെ നിഷ്കളങ്കത ചോദ്യം ചെയ്യാൻ നിൽക്കരുതെന്നും എഎൻ രാധാകൃഷ്ണൻ. അതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.തട്ടിപ്പിൽ കോൺഗ്രസും ഉണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്ന് വിഡി സതീശൻ്റെ വിമർശനം.
പൊതുജീവിതത്തിന്റെ നിഷ്കളങ്കത ചോദ്യം ചെയ്യാൻ നിൽക്കരുതെന്നും കുടുംബം വിറ്റും പണം തിരികെ നൽകുമെന്നുമാണ് പകുതി വില തട്ടിപ്പിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ മറുപടി പറഞ്ഞത്. സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ പ്രതിക്കൂട്ടിൽ ആക്കാനില്ലെന്നും ഇത് എല്ലാവർക്കും ഒരു പാഠമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. സിഎസ്ആർ ഫണ്ട് ഉപയോഗിക്കാൻ കോൺഫെഡറേഷൻ രൂപീകരിച്ചു. എന്നാൽ ഇതിൽ സൈൻ അംഗമല്ലെന്നും ജന സേവനത്തിന്റെ ഭാഗമായാണ് ഇതിനോട് സഹകരിച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അനന്തു കൃഷ്ണനാണ് ആനന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നാണ് കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞത്.പൊലീസിൻ്റെ അന്വേഷണത്തിൽ ആനന്ദകുമാറിൻ്റെ പങ്ക് തെളിയും. വക്കീൽ എന്ന നിലയിൽ നിയമോപദേശം മാത്രമാണ് നൽകിയത്. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും ലാലി വിൻസെൻ്റ് പറഞ്ഞു. അതിനിടെ പാതിവില തട്ടിപ്പിൽ പൊലീസ് പ്രതി ചേർത്തതിനെ തുടർന്ന് ലാലി വിൻസെൻ്റ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ എ.എന്‍.രാധാകൃഷ്ണനും ലാലി വിന്‍സന്റിനുമെല്ലാമുള്ള ജനകീയതയായിരുന്നു തട്ടിപ്പിന് അനന്തു കൃഷ്ണന്റെ ഏക മൂലധനം. ഇവരെക്കൂടാതെ മറ്റ് ധാരാളം ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളേയും ഇയാള്‍ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നുവെങ്കിലും ഈ രണ്ട് നേതാക്കളുമായുള്ള അടുത്ത ബന്ധം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ജനങ്ങള്‍ക്ക് സഹായമാകുന്ന സന്നദ്ധപ്രവര്‍ത്തനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനന്തു കൃഷ്ണന്‍ നേതാക്കളില്‍ ഏറെപ്പേരെയും പരിപാടികള്‍ക്ക് എത്തിച്ചിരുന്നത്.