
ഫ്രഞ്ച് പാർലമെൻ്റിലേക്കുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാറിമറിഞ്ഞ ലീഡ് നിലക്കൊടുവിൽ ഇടതുപക്ഷ പാർട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് രണ്ടാം ഘട്ടത്തിൽ കൃത്യമായ മുൻതൂക്കം നേടിയിരിക്കുന്നു. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 33 ശതമാനത്തിലധികം ഭൂരിപക്ഷം നേടി ഏറെക്കുറെ വിജയസാധ്യത ഉറപ്പിച്ചിരുന്ന തീവ്ര വലതുപക്ഷം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. രണ്ടാം റൗണ്ട് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ, ന്യൂ പോപ്പുലർ ഫ്രണ്ട് (എൻപിഎഫ്) എന്നറിയപ്പെടുന്ന ഫ്രഞ്ച് ഇടതുപക്ഷ പാർട്ടികളുടെ സഖ്യം അവിശ്വസനീയമായ ലീഡിലേക്കെത്തുകയായിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിനൈസൻസ് പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് മുന്നിൽ തെളിയുന്നത്.
577 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 289 എന്ന ഭൂരിപക്ഷത്തിലേക്കും ആർക്കും എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തൂക്കു മന്ത്രിസഭയുടെ സാധ്യത തെളിയുന്നത്. പോളിംഗ് ഏജൻസികളുടെ പ്രവചനമനുസരിച്ച് ഇടതുപക്ഷ സഖ്യത്തിന് 184-198 സീറ്റുകളാണ് പറഞ്ഞിരുന്നത്. മാക്രോണിൻ്റെ മധ്യപക്ഷ സഖ്യത്തിന് 160-169 സീറ്റുകൾ ലഭിക്കുമെന്നും തീവ്ര വലതുപക്ഷ സഖ്യത്തിന് 135-143 സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്.
നിലവിൽ, 182 എംപിമാരുമായി എൻപിഎഫ് വിജയിച്ചതായാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതേസമയം, പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രൽ ടുഗതർ സഖ്യം 163 സീറ്റുകളിലും മറൈൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ പാർട്ടി(ആർഎൻ) 143 സീറ്റുകളിലുമാണ് വിജയം ഉറപ്പിച്ചിട്ടുള്ളത്.ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 33 ശതമാനത്തിലധികം വോട്ട് നേടി തീവ്ര വലതുപക്ഷം ഒന്നാമതെത്തിയിരുന്നു. തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റം ജനാധിപത്യ വിശ്വാസികളെ ഒട്ടാകെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. സെലിബ്രിറ്റികളും ഫുട്ബോൾ താരങ്ങളും അടക്കം തീവ്രവലതുപക്ഷത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തീവ്ര വലതുപക്ഷം അധികാരത്തിലെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ കണക്കിലെടുത്ത് എതിർ ചേരി കക്ഷികൾ പോലും രണ്ടാം ഘട്ടത്തിൽ തന്ത്രപരമായ സഖ്യമുണ്ടാക്കി പ്രതിരോധം ഒരുക്കിയതോടെയാണ് തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഔദ്യോഗിക ഫലം പുറത്തുവന്നതോടെ പാരീസിലും മറ്റ് നഗരങ്ങളിലും പലയിടങ്ങളിലായി സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ അനുഭാവികൾ വിജയം ആഘോഷിക്കുവാനായി പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ ഒത്തുകൂടിയിട്ടുണ്ട്.
ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്തത് ഫ്രാൻസിനെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. നാറ്റോ ഉച്ചകോടിയും പാരിസ് ഒളിമ്പിക്സും ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന ഈ അനിശ്ചിതത്വം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുവാനും സാധ്യതയുണ്ട്.
അതേ സമയം,പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച പ്രസിഡൻ്റ് മാക്രോണിന് രാജി സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. രാജി നിരസിക്കുകയാണെങ്കിൽ "ഡ്യൂട്ടി ആവശ്യപ്പെടുന്നിടത്തോളം" പദവിയിൽ തുടരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ ഒമ്പതിനാണ്, പാർലമെൻ്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതായി ഇമ്മാനുവൽ മാക്രോൺ പ്രസ്താവിച്ചത്. വ്യക്തമായ ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെയായിരുന്നു മാക്രോണിന്റെ തീരുമാനം. തീവ്ര വലതു സഖ്യമായ നാഷണൽ റാലി നേതാവായ മറൈൻ ലെ പെൻ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്തായാലും തെരഞ്ഞെടുപ്പിൽ മാക്രോണിന് നേട്ടമുണ്ടാക്കുവാൻ കഴിഞ്ഞില്ലെങ്കിലും തീവ്ര വലതുപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി തീർത്ത പ്രതിരോധം ഫലം കണ്ടു എന്നതിൽ ആശ്വസിക്കാം.