സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണൻ്റെ വാഹനങ്ങൾ കസ്റ്റഡിയിൽ, അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും

തട്ടിപ്പ് നടത്തി ഇടുക്കിയിൽ പ്രതി വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണൻ്റെ വാഹനങ്ങൾ കസ്റ്റഡിയിൽ, അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും
Published on

സിഎസ്ആർ ഫണ്ട് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരനായ അനന്തുകൃഷ്ണൻ്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്നോവ ക്രിസ്റ്റോ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് പ്രതി ഈ വാഹനങ്ങൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതിയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി പ്രതി ഇടുക്കിയിൽ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയാണ് കണ്ടുകെട്ടുകയെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അനന്തുവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷൺ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എൻജിഒകളുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വിവരം പുറത്തുവരുന്നതോടെ കേരളത്തിലുടനീളമുള്ള ജില്ലകളിൽ നിന്ന് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പ് നടത്താനായി പ്രതി അനന്തു കൃഷ്ണൻ 2500ഓളം എൻജിഒകൾ രൂപീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് കീഴിലായിരുന്നു പ്രവർത്തനം നടത്തിയത്.
ട്രസ്റ്റിൽ 5 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തട്ടിപ്പിനായി പ്രധാനമായും നാല് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. അക്കൗണ്ടുകളിലേക്ക് 500 കോടി രൂപ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേരളെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം.വിമന്‍ ഓണ്‍ വീല്‍സ് എന്നായിരുന്നു തട്ടിപ്പ് പദ്ധതിക്കിട്ട പേര്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനും സംഘവും ആയിരം കോടിയിലധികം രൂപയാണ് കബളിപ്പിച്ചുകൊണ്ടുപോയത്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരിൽ നിന്നും 700 കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നും രണ്ടായിരത്തിലേറെ പരാതിക്കാരുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിന്റെ മൂലധനം. ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണനെ വിവിധ വേദികളില്‍ പദ്ധതി ഉദ്ഘാടകനായി എത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പദ്ധതിയുടെ നിയമോപദേശകയാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com