
ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്‍റർബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി രാജിവച്ചു. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് സഭയുടെ അവധിക്കാല ക്യാമ്പുകളില്‍ നടന്ന ബാലപീഡനങ്ങള്‍ മറച്ചുവെച്ചു എന്ന അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് രാജി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ്പ്, സഭയുടെ വീഴ്ച അംഗീകരിച്ച് രാജിവയ്ക്കുന്നത്.
1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലുമായി, സഭയുടെ അവധിക്കാല ക്യാമ്പുകളില്‍ പങ്കെടുത്ത നൂറോളം ആണ്‍കുട്ടികൾ ക്രൂരമായ ലൈംഗിക -ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്തായിരുന്നു പ്രതി. 40 വർഷത്തോളം ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ ക്യാമ്പുകളില്‍ വോളണ്ടിയറായി പ്രവർത്തിച്ചാണ് ഇയാള്‍ ചൂഷണങ്ങള്‍ നടത്തിയത്. ഇതേ കാലയളവില്‍ ക്യാമ്പുകളുടെ നേതൃത്വം വഹിച്ചിരുന്നുവെങ്കിലും ചൂഷണങ്ങളെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല എന്നാണ് നീണ്ട കാലത്തോളം ജസ്റ്റിന്‍ വെല്‍ബി അവകാശപ്പെട്ടിരുന്നത്. മറിച്ച് ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ 2013 ല്‍ തന്നെ വെല്‍ബിക്ക് ഇതെക്കുറിച്ച് അറിവ് ലഭിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
എന്നാല്‍ 2017 ല്‍ ആൻഡ്രൂ ജോൺ വാട്‌സന്‍ എന്ന മറ്റൊരു ആംഗ്ലിക്കന്‍ ബിഷപ്പ്, കുട്ടിയായിരിക്കെ സ്മിത്തിന്‍റെ ചൂഷണത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ മാത്രമാണ് പീഡനങ്ങളുടെ കഥ പുറത്തുവരുന്നത്. തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും 2018 ല്‍ ദക്ഷിണാഫ്രിക്കയില്‍വെച്ച് പ്രതിയായ ജോണ്‍ സ്മിത്ത് മരിച്ചു. ഇതോടെ കേസ് അവസാനിച്ചു. 2013 ല്‍ തന്നെ, ആർച്ച് ബിഷപ്പ് അന്വേഷണത്തിന് തയ്യാറായിരുന്നുവെങ്കില്‍ ഇരകള്‍ക്ക് ലഭിക്കുമായിരുന്ന നീതിയാണ് നിഷേധിക്കപ്പെട്ടതെന്ന് അന്വേഷണ റിപ്പോർട്ടില്‍ വിമർശനമുണ്ടായി.
അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് അഞ്ചാംദിവസം സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ബിഷപ്പിന്‍റെ രാജി. ബാലപീഡന ആരോപണങ്ങളില്‍ ഇതാദ്യമായാണ് ഒരു സഭാധ്യക്ഷന്‍റെ രാജിയുണ്ടാകുന്നത്. കുട്ടികളുടെ സംരക്ഷണത്തില്‍ സഭയും വീഴ്ചവരുത്തി എന്ന കുറ്റസമ്മതത്തോടെയുള്ള രാജി, ഇരകള്‍ക്കും സഭാവിശ്വാസികള്‍ക്കും ആശ്വാസമാണ്. അതേസമയം, രാജിയോടെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വെല്‍ബിയുടെ പിന്‍ഗാമിയെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ലെസ്റ്റർ ബിഷപ്പ് മാർട്ടിൻ സ്നോ, നോർവിച്ച് ബിഷപ്പ് ഗ്രേയം അഷർ, ചെംസ്ഫോർഡ് ബിഷപ്പ് ഗുലി ഫ്രാൻസിസ്-ദെഹ്ഖാനി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ഇറാനിയന്‍ പാരമ്പര്യമുള്ള ഗുലി ഫ്രാൻസിസ്-ദെഹ്ഖാനി 106-ാമത് ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടാല്‍, ആർച്ച് ബിഷപ് പദവിയിലെത്തുന്ന ആദ്യ വനിത എന്ന പദവി കൂടി സ്വന്തമാക്കാം.