ബിഷ്‌ണോയി ഗുണ്ടാസംഘത്തിലെ രണ്ടാം മുഖം: അന്‍മോല്‍ ബിഷ്ണോയ്‌

അന്‍മോല്‍ ബിഷ്‌ണോയിയെ പിടിച്ചു കൊടുക്കുന്നവർക്ക് പത്തു ലക്ഷം വരെ പാരിതോഷികവും NIA അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ബിഷ്‌ണോയി ഗുണ്ടാസംഘത്തിലെ രണ്ടാം മുഖം:  അന്‍മോല്‍ ബിഷ്ണോയ്‌
Published on
Updated on

ഭാനു എന്ന കള്ള പേരും വ്യാജപാസ്സ്‌പോർട്ടും ഉപയോഗിച്ച് യു എസിൽ അനധികൃതമായി പ്രവേശിക്കുക . സ്വന്തം പേരിൽ റെഡ് കോർണർ നോട്ടീസ് നിലനിൽക്കുമ്പോൾ തന്നെ കാലിഫോർണിയയിൽ നടന്ന കല്യാണച്ചടങ്ങിൽ പഞ്ചാബി ഗായകരോടൊപ്പം നൃത്തം ചെയ്യുക . ഇന്ത്യയിൽ നടന്ന സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ സൂത്രധാരന്മാരിലൊരാളാണ് ഈ നൃത്തച്ചുവടുകൾ വെയ്ക്കുന്നത്. രാജ്യത്തെ നടുക്കിയ ബാബ സിദ്ധിഖിയുടെ കൊലപാതകത്തെ തുടർന്ന് മുംബൈ പോലീസിന്റെ ഹിറ്റ് ലിസ്റ്റിലെ ഇടം നേടിയ പ്രധാനി. പറഞ്ഞു വരുന്നത് ബിഷ്‌ണോയി ഗുണ്ടാസംഘത്തിന്റെ തലവനായ ലോറെൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അനുമോൽ ബിഷ്‌ണോയിയെ കുറിച്ചാണ്.

ബാബ സിദ്ധിഖിയുടെ മരണത്തെ തുടർന്നുള്ള ആരോപണങ്ങൾക്കും ദുരൂഹതകൾക്കും അവസാനമില്ല. ലോറെൻസ് ബിഷ്‌ണോയി ജയിലഴികളിനുള്ളിലിരുന്നു നേതൃത്വം നൽകിയ ആക്രമണം അവസാനിച്ചത് മഹാരാഷ്ട്ര മുൻ മന്ത്രിയും NCP നേതാവുമായ ബാബ സിദ്ധിഖിയുടെ മരണത്തിലാണ്. കൃഷ്ണമൃഗത്തിനെ വേട്ടയാടിയതിനു ബോളിവുഡ് താരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുക, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം തുടങ്ങി 85 കുറ്റകൃത്യങ്ങളിൽ പ്രതിയായ ലോറെൻസ് ബിഷ്‌ണോയി നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുകയാണ് . ഒക്‌ടോബർ 12 നു മകന്റെ ഓഫീസിൽ നിന്നും തിരിച്ചു പോകുന്ന വഴിക്കാണ് സിദ്ധിഖി വേടിയേറ്റ് വീഴുന്നത്. ഷൂട്ടർമാർക്കു ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തലുകൾ പറയുന്നു. ജയിലിനുള്ളിൽ ഇരിക്കുന്ന ഒരു കുറ്റവാളിയെങ്ങനെയാണ് ഒരു കുറ്റകൃത്യത്തിന് നേതൃത്വം നൽകുന്നത്?. ആരുടെ സഹായ ഹസ്തമാണ് ലോറെൻസ് ബിഷ്ണോയ്ക്കു പുറത്തു നിന്നും ലഭിച്ചത്? തുടങ്ങിയ എല്ലാ ചോദ്യങ്ങളുടെയും ഉത്തരമായി പൊലീസ് പറയുന്നത് അന്‍മോല്‍ ബിഷ്‌ണോയിയുടെ പേരാണ്.

എവിടെയാണ് അന്‍മോല്‍ ബിഷ്ണോയ്‌ ?

വാർത്തകൾ അനുസരിച്ചു അന്‍മോല്‍ ഇപ്പോൾ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ICE ) പിടിയിലാണ്. ഇന്ത്യയിൽ നിരവധി ക്രിമിനൽ കേസുകളിൽ പൊലീസിന്റെ നോട്ടപുള്ളിയാണ് ഇയാൾ. വ്യാജ പാസ്സ്പോട്ടും രേഖകളും കെട്ടിച്ചമച്ചു കൊണ്ട് രാജ്യത്തു അനധികൃതമായി പ്രവേശിച്ച കുറ്റത്തിനാണ് അന്‍മോല്‍ ബിഷ്‌ണോയിയെ കാലിഫോർണിയയിൽ വെച്ച് ICE അറസ്റ്റ് ചെയ്തത്. യാത്ര രേഖകളിൽ ഘടിപ്പിച്ചിട്ടുള്ള കമ്പനിയുടെ റെഫെറൻസ് കത്തുകളിൽ ഒന്ന് വ്യാജമാണെന്ന് യു എസ് ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റ് കണ്ടെത്തിയതോടെയാണ് അന്‍മോലിന്റെ അതിബുദ്ധി തന്നെ അയാളെ പൊലീസിന്റെ വലയിലേക്ക് കൊണ്ട് ചാടിച്ചത്. 2022 ഡിസംബർ ആറിന് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതിബുദ്ധിയല്ല മറിച്ചു ബാബ സിദ്ധിഖിയുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ പൊലീസിന്റെ വലയിൽ അകപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ സ്വയം യു എസ് പൊലീസിന് കീഴടങ്ങിയതാണ് എന്നുള്ള വാദവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. തന്നെ മുംബൈ പൊലീസിന് കൈമാറുവാനുള്ള സാധ്യതയുണ്ടെന്ന വിവരം അറിഞ്ഞതോടു കൂടിയാണ് യു എസിൽ അഭയം തേടുക എന്ന തീരുമാനത്തിൽ അന്‍മോല്‍ എത്തിച്ചേർന്നത്. നിലവിൽ അയോവയിലെ പോട്ടവാട്ടമി കൗണ്ടി ജയിലിലാണ് അന്‍മോല്‍ കഴിയുന്നത്. അന്‍മോല്‍ മുംബൈ പൊലീസിന്
കൈമാറുവാനുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

പക്ഷെ യു എസ് നിയമപ്രകാരം അന്‍മോല്‍ കുറ്റാരോപിതനാണ്, അതുകൊണ്ടു തന്നെ യുഎസിലെ നിയമനടപടികൾ പൂർത്തിയാകാതെ ഇന്ത്യൻ സർക്കാരിന് ഇയാളെ കൈമാറുവാൻ സാധിക്കില്ല. യു എസ് പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കനേഡിയൻ സർക്കാരിന് കൈമാറുവാൻ സാധ്യതയുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഖാലിസ്ഥാനി വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം.


അന്‍മോല്‍ ബിഷ്ണോയ് - ലോറെൻസ് ബിഷ്‌ണോയിയുടെ രഹസ്യായുധം

ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാന്റെ വസതിക്കു വെളിയിൽ വെടിയുതിർത്തതിന്റെ ഉത്തരവാദിത്വം 26 വയസ്സുകാരനായ അന്‍മോല്‍ ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസി (NIA) നൽകിയ കണക്കുകൾ അനുസരിച്ചു രണ്ടു ക്രിമിനൽ കേസുകളും ഇത് കൂടാതെ വേറെയും 18 ക്രിമിനൽ കുറ്റങ്ങളും അന്‍മോലിന്റെ പേരിലുണ്ട്. ഇതിനു പിന്നാലെ മുംബൈ പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടു . ജൂലൈയിൽ മുംബൈ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വാറണ്ട് പുറപ്പെടുവിച്ചു . അന്‍മോല്‍ ബിഷ്‌ണോയിയെ പിടിച്ചു കൊടുക്കുന്നവർക്ക് പത്തു ലക്ഷം വരെ പാരിതോഷികവും NIA അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബാന്ദ്രയിലെ ദസ്സറ ആഘോഷത്തിനിടെയാണ് ബാബ സിദ്ധിഖിയെ അജ്ഞാതരായ മൂന്നു യുവാക്കൾ ചേർന്ന് വെടിവെച്ചു കൊല്ലുന്നത് . കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറെൻസ് ബിഷ്‌ണോയിയുമായി ഈ ഷൂട്ടേർസിന് ബന്ധമുണ്ടെന്നും ജയിലിലുള്ള ലോറെൻസുമായി ഇവരെ ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അന്‍മോല്‍ എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സഹോദരൻ ലോറെൻസ് അറസ്റ്റിലായതോടെയാണ് അന്‍മോല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. തുടർന്നാണ് ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾക്കു ഇയാൾ നേതൃസ്ഥാനം വഹിച്ചു തുടങ്ങിയത്.

ബാബ സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപെട്ടു പഞ്ചാബിൽ നിന്നും പിടികൂടിയ മറ്റൊരു യുവാവാണ് ആകാശ് ദീപ് ഗിൽ. ഇയാളാണ് ജയിലിൽ കഴിയുന്ന അന്‍മോല്‍ ബിഷ്‌ണോയിയുമായി രഹസ്യ വിവരങ്ങൾ കൈമാറിയത് എന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. കർഷകത്തൊഴിലാളിയായ ബൽവീന്ദറിന്റെ ഹോട്ട്സ്പോട്ട് ഉപയോഗിച്ചായിരുന്നു ഈ രഹസ്യ വിവര കൈമാറ്റം . ഇതെ ഹോട്സ്പോട്ടിന്റെ സഹായത്തോടെ സിദ്ധിഖി കൊലപതാകത്തിൽ പങ്കാളികളായ ശുഭം ലോൻകാർ, സീഷൻ അഖ്‌താർ , ഷൂട്ടർമാരിൽ ഒരാളായ ശിവ് കുമാർ ഗൗതം മുതലായവരുമായി ആകാശ് ബന്ധപെടുമായിരുന്നു. സിദ്ധിഖിയുടെ കൊലപാതകത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന 24 -ആംത് വ്യക്തിയാണ് ആകാശ് ദീപ് ഗിൽ . ഷൂട്ടർ ഗൗതമിനെ നേപ്പാളിലേക്ക് രക്ഷപെടുവാൻ സഹായിച്ച അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്‌തവ , അഖിലേന്ദ്ര പ്രതാപ് സിംഗ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിമിനൽ പശ്ചാത്തലത്തിൽ വളർന്ന അന്‍മോല്‍ ബിഷ്ണോയ്

1999 ൽ ഫിറോസ്‌പുർ ജില്ലയിലെ ദത്തറൻവാലി ഗ്രാമത്തിൽ ലോവിന്ദർ സിങ്ങിൻ്റെയും സുനിത ബിഷ്‌ണോയിയുടെയും മകനായാണ് അന്‍മോല്‍ ബിഷ്‌ണോയി ജനിച്ചത്. സഹോദരൻ ലോറെൻസിന്റെയും അനന്തരവൻ സച്ചിൻ ബിഷ്‌ണോയിയുടെയും ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടാണ് അന്‍മോല്‍ വളർന്നത്. കുട്ടിക്കാലത്ത് സ്പോർട്സിനൊട് കമ്പമുണ്ടായിരുന്നുവെങ്കിലും ചേട്ടന്റെ കുറ്റകൃത്യ മനോഭാവം അന്‍മോലിന്റെയും മനസ്സിൽ സ്വാധീനം ചെലുത്തി. പതുക്കെ അവനും പഠനത്തിൽ വിമുഖത പ്രകടിപ്പിക്കുവാൻ തുടങ്ങി. സഹോദരന്റെ പാത പിന്തുടർന്ന് അന്‍മോലും ബിഷ്ണോയ് ഗുണ്ടാസംഘത്തിന്റെ ഭാഗമായി മാറി. നേപ്പാളിലെ ഒരു വിദഗ്ദ്ധനിൽ നിന്നും ബോംബ് നിർമിക്കുവാൻ പഠിച്ചതായിരുന്നു അവന്റെ ക്രിമിനൽ ജീവിതത്തിലെ വഴിത്തിരിവ് . 2015 ൽ ലോറെൻസ് ബിഷ്‌ണോയി ജയിലഴിക്കുളിൽ ആയെങ്കിലും സഹോദരന്റെ കുറ്റകൃത്യ പരമ്പരകൾക്കു കടിഞ്ഞാണിടാൻ അന്‍മോല്‍ ഒരുക്കമായിരുന്നില്ല. അബോഹറിലെ യുവാക്കളെ കൊണ്ട് വന്നു സംഘം രൂപീകരിച്ച അന്‍മോല്‍ ക്രിമിനൽ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. 2015 ജൂലൈയിൽ അനധികൃതമായി ആയുധങ്ങളും പണവും ശേഖരിച്ചു വെച്ചതിനു അന്‍മോല്‍ ബിഷ്‌ണോയിയെയ്യും സംഘത്തെയും ഫാസിൽക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Related Stories

No stories found.
News Malayalam 24x7
newsmalayalam.com