
കൊച്ചി കായലിൽ വനിതാ മാധ്യമ പ്രവർത്തകരോടൊപ്പം വനിതാ ദിനം ആഘോഷിച്ച് സിപിഐ നേതാവ് ആനി രാജ. നാല്പതോളം വനിതാ മാധ്യമ പ്രവർത്തകർക്കൊപ്പമാണ് ആനി രാജ വനിതാ ദിനത്തിൻ്റെ ഭാഗമായത്.
സിപിഐ നേതാവ് ആനി രാജയുടെ ഐഡൻ്റിറ്റിയാണ് ചുവന്ന വലിയ വട്ടപൊട്ട്. ഈ പൊട്ടിനു പിന്നിലെ കഥയാണ് കായലിനു നടുവിൽ ഇരുന്ന് വനിതാ മാധ്യമ പ്രവർത്തകരോട് ആനി രാജ പങ്കുവെച്ചത്. സ്വയംപ്രതിരോധ പാഠങ്ങൾ പഠിച്ചും ആടിയും പാടിയും വനിതകൾ കായലിൽ ആഘോഷത്തിമിർപ്പിലായപ്പോൾ തൻ്റെ അതിജീവന കഥ പറഞ്ഞ് ആനി രാജയും ഒപ്പം ചേർന്നു.
അന്തർദേശീയ വനിതാ ദിനത്തിൽ എറണാകുളം പ്രസ്‌ക്ലബാണ് വ്യത്യസ്‍തമായ ആഘോഷ പരിപാടികൾ ഒരുക്കിയത്. കെഎസ്ഐഎൻ സിയുമായി സഹകരിച്ചാണ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്. ഹൈക്കോടതി ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച യാത്ര പാലാക്കരിയിലെ മത്സ്യഫെഡ് ഫാമിൽ എത്തിയപ്പോൾ കയാക്കിങ്ങിലും വാട്ടർ സ്പോർട്ട്സ് ആക്ടിവിറ്റികളിലും മാധ്യമ പ്രവർത്തകർ പങ്കെടുത്തു. പ്രസ്‌ക്ലബ് വൈസ് പ്രസിഡൻ്റ് എൻ. കെ. സ്മിത, ജോയൻ്റ് സെക്രട്ടറി ഷബ്‌ന സിയാദ്, നിർവാഹകസമിതി അംഗം പി.ഒ. ജിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.