
മണിപ്പൂരിൽ വീണ്ടും ബോംബ് ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയാണ് തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ ബോംബ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ തകർന്നതായി പൊലീസ് അറിയിച്ചു.
ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ട്രോംഗ് ലോബിയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായും പൊലീസ് പറഞ്ഞു. ചുരാചന്ദ്പൂർ ജില്ലയുടെ സമീപമുള്ള കുന്നിൻ പ്രദേശങ്ങളിൽ നിന്നാണ് ഈ ആക്രമണം ഉണ്ടായത്. റോക്കറ്റുകളുടെ ദൂരപരിധി മൂന്ന് കിലോമീറ്ററിലധികം വരുമെന്നും പൊലീസ് വ്യക്തമാക്കി.
ALSO READ: അശാന്തമായി മണിപ്പൂർ; സംഘർഷം തുടരുന്നു, വീണ്ടും ഡ്രോൺ ആക്രമണം
സംഭവത്തിൽ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ പ്രാദേശിക കമ്മ്യൂണിറ്റി ഹാളിനും, ആൾതാമസമില്ലാത്ത കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം മണിപ്പൂരിലെ ഡ്രോണാക്രമണങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചതായി രാജ്യസഭാ എംപി സനാജൊബ ലിഷെംബ. ഹൈടെക് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവമാണ് അന്വേഷിക്കുക. ഇംഫാലിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് മണിപ്പൂരിലെ ഡ്രോണാക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എഡിജിപി അഷുതോഷ് കുമാർ സിൻഹ ചെയർമാനായ അഞ്ചംഗ സമിതി രൂപീകരിച്ചത്. അന്വേഷണ റിപ്പോർട്ട് ഈ മാസം 13 നകം സമർപ്പിക്കാനാണ് നിർദേശം.
കാങ്പോക്പി ജില്ലയിലെ കുന്നുകളിൽ നിന്നുള്ള കുക്കി ഗ്രാമസംരക്ഷണ സേനയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രൂക്കിലും സെൻജാം ചിരാംഗിലും നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ ആക്രമണത്തിനുപയോഗിച്ച ഡ്രോൺ കണ്ടെത്തിയിരുന്നു.