
കാസർഗോഡ് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്ഐ അനൂപിനെതിരെ വീണ്ടും പരാതി. മറ്റൊരു ഓട്ടോ ഡ്രൈവറായ നൗഷാദാണ് പരാതിയുമായി രംഗത്തെത്തിയത്. അനൂപ് നൗഷാദിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് എസ്‌ഐ മർദിച്ചതെന്ന് നൗഷാദ് പറയുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യാത്രക്കാരനോട് കാൽ അകത്തിടാൻ പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കം പൊലീസിൽ പരാതിയായി എത്തുകയായിരുന്നു. നൗഷാദിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഈ സമയത്ത് സ്റ്റേഷനിൽ എത്തിയ എസ്‌ഐ വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് നൗഷാദ് പറഞ്ഞു.
ALSO READ : ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം: പൊലീസിന് സസ്പെൻഷൻ പോരാ, ഡിസ്മിസ് ചെയ്ത് തെരുവിലേക്ക് ഇറക്കണം: പി.വി.അൻവർ
തിരിച്ച് ഓട്ടോ സ്റ്റാൻഡിലെത്തിയപ്പോൾ പൊലീസ് ജീപ്പ് ഓട്ടോറിക്ഷയ്ക്ക് കുറുകെയിട്ടായിരുന്നു മർദനമെന്നാണ് പരാതി. പൊലീസ് അതോറിറ്റിക്കാണ് രണ്ട് തവണ പരാതി നൽകിയത്. ഇതുവരെയും പരാതിയിൽ നടപടിയില്ലെന്നും നൗഷാദ് പറഞ്ഞു.
പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ തൂങ്ങിമരിച്ച സംഭവത്തിൽ എസ്ഐ അനൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഡീഷണൽ പൊലീസ് സൂപ്രണ്ട് ബാലകൃഷണൻ നായരുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പെറ്റി അടച്ച് ഓട്ടോ വിട്ടുനൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായിരുന്നില്ല.
എസ്ഐ അകാരണമായി തൻ്റെ ഓട്ടോ പിടിച്ചുവെച്ചുവെന്നും മറ്റു മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും ഫേസ്‌ബുക്കിൽ അബ്ദുൾ സത്താർ കുറിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.