
കർണാടകയിൽ ഭാഷയെ ചൊല്ലി വീണ്ടും തർക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബെംഗളൂരു ചന്ദാപുര ശാഖയിലാണ് ഭാഷയെ ചൊല്ലി തർക്കമുണ്ടായത്. എസ്ബിഐ ബെംഗളൂരു ചന്ദാപുര ശാഖയിൽ എത്തിയ ഉപഭോക്താവും ബാങ്ക് മാനേജറും തമ്മിലായിരുന്നു വാക്പോര്. ബ്രാഞ്ച് മാനേജറും ഉപഭോക്താവും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. തർക്കത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ബാങ്കിലെത്തിയ ഉപഭോക്താവ് ബ്രാഞ്ച് മാനേജരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. ഇടപാടിനായി എത്തിയ ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും കസ്റ്റമർ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്നും ഹിന്ദിയിൽ മറുപടി പറയാമെന്നുമായിരുന്നു മാനേജറുടെ മറുപടി. ഇക്കാര്യം വീണ്ടും ആവർത്തിച്ച ഉപഭോക്താവ് നിങ്ങൾ ഒരിക്കലും കന്നട സംസാരിക്കില്ലേയെന്ന് ചോദിക്കുന്നു. ഇല്ല, താൻ ഹിന്ദി സംസാരിക്കും, കന്നട സംസാരിക്കില്ലെന്നും മാനേജർ തറപ്പിച്ച് പറഞ്ഞു. വേണമെങ്കിൽ നിങ്ങൾക്ക് എസ്ബിഐ ചെയർമാനോട് സംസാരിക്കാമെന്നും മാനേജർ കസ്റ്റമറോട് പറയുന്നുണ്ട്. ഏത് സംസ്ഥാനത്തിലാണോ ജോലി ചെയ്യുന്നത് ആ സംസ്ഥാനത്തെ ഭാഷയിലാണ് ഉപഭോക്താവിനോട് സംസാരിക്കേണ്ടതെന്ന് ആർബിഐ നിർദേശമുണ്ടെന്നും ഉപഭോക്താവ് വാദിക്കുന്നു.
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ആർബിഐ എന്നിവരെ ടാഗ് ചെയ്താണ് ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ ഉപഭോക്താവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഉപഭോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന മാനേജരെ എസ്ബിഐ സ്ഥലം മാറ്റിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മാനേജരുടെ നടപടിയെ അപലപിച്ച് പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.