
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ ഒരുമനയൂര്‍ ഒറ്റതെങ്ങ് മാവേലി റോഡില്‍ കാഞ്ഞിരപറമ്പില്‍ വിഷ്‌ണു (31) ആണ് മരിച്ചത്. ഇന്നലെയാണ് വിഷ്ണുവിന് എലിപ്പനി സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു.
സംസ്ഥാനത്ത് എലിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ അതിനു വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. എലികളുടെ മൂത്രത്തിലൂടെയാണ് രോഗം പടരുന്നത്. മലിനജല സമ്പർക്കമില്ലാതെ നോക്കുകയും, കൈകാലുകളിൽ മുറിവുകൾ ശ്രദ്ധിക്കുകയും ചെയ്യണം. മലിനമായ മണ്ണിലും, കളിസ്ഥലങ്ങളിലും, റോഡിലും കെട്ടികിടക്കുന്ന വെള്ളത്തിൽ കളിക്കുന്ന കുട്ടികളിലും രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ശക്തമായ തലവേദനയോടുകൂടിയ പനി, പേശീവേദന, കണ്ണിന്റെ കൃഷ്‌ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം തുടങ്ങിയവ എലിപ്പനി രോഗസാധ്യതകളാണ്. ലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ട്.
സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി കുത്തനെ ഉയരുകയാണ്. എലിപ്പനി, കോളറ, ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ, പകർച്ചപ്പനി തുടങ്ങിയവ ബാധിച്ച നിരവധി പേരാണ് സംസ്ഥാനത്തുടനീളം ചികിത്സയിൽ കഴിയുന്നത്.