
പ്രയാഗ് രാജിൽ നടന്നു വരുന്ന മഹാ കുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ 18 നും 19 നും ഇടയിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഏഴ് ടെൻ്റുകൾ കത്തിനശിച്ചു. അപകടത്തിൽ ആളാപായമില്ലെന്നാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടിണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് പ്രയാഗ്‌രാജ് എഡിജി ഭാനു ഭാസ്‌കർ പറഞ്ഞു.
അഗ്നിബാധയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ, അഗ്നിശമന സേനയും മറ്റ് അടിയന്തര സേവനങ്ങളും മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരുക്കേറ്റതായുള്ള ഔദ്യോഗിക സ്ഥിരീകരണമില്ല. തീ നിയന്ത്രണവിധേയമാക്കാൻ ഒന്നിലധികം ഫയർ എഞ്ചിനുകൾ ഉപയോഗിച്ചിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഭാനു ഭാസ്‌കർ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവ സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടത്തിൻ്റെ വ്യാപ്തി വിലയിരുത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.