ബഹ്റൈച്ചിൽ ഭീതി പടർത്തി വീണ്ടും ചെന്നായ ആക്രമണം; മൂന്ന് വയസുകാരിയെ കടിച്ചു കൊന്നു

ആറ് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് വീണ്ടും ചെന്നായ ആക്രമണം ഉണ്ടായത്
ബഹ്റൈച്ചിൽ ഭീതി പടർത്തി വീണ്ടും ചെന്നായ ആക്രമണം; മൂന്ന് വയസുകാരിയെ കടിച്ചു കൊന്നു
Published on


ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി വീണ്ടും ചെന്നായ ആക്രമണം. ആറ് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞദിവസം രാത്രിയാണ് വീണ്ടും ചെന്നായ ആക്രമണം ഉണ്ടായത്. ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെയാണ് ചെന്നായ കടിച്ചു കൊന്നത്. സംഭവത്തിൽ രണ്ട് സ്ത്രീകൾക്കും പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഏഴ് കുട്ടികളുൾപ്പെടെ എട്ടുപേരെയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെന്നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. 30 ഓളം പേർക്ക് പരുക്കേറ്റു.

വലിയ ബഹളങ്ങളൊന്നുമില്ലാതെ സമാധാനത്തിൽ ജീവിച്ചിരുന്ന സ്ഥലമാണ് ബഹ്‌റൈച്ചിലെ സിക്കന്ദർപൂർ ഗ്രാമം. ഭൂരിഭാഗം പേരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. മിക്കവർക്കും അടച്ചുറപ്പുള്ള വീടുകൾ പോലുമില്ല. കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രദേശം നരഭോജി ചെന്നായ്ക്കളുടെ ഭീഷണി നേരിടുകയാണ്. ബഹ്‌റൈച്ചിലെ മുപ്പതോളം ഗ്രാമങ്ങളിലെ ആളുകളാണ് ജീവൻ നഷ്ടമാകുമോ എന്ന ഭയത്തിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. സമീപത്തെ വയലുകളിൽ നിന്ന് രാത്രിയാണ് മിക്കവാറും ആക്രമണമുണ്ടാകുന്നത്.

ALSO READ: "കേസിൽ പ്രതിയായാൽ ഒരാളുടെ കെട്ടിടം എങ്ങനെ പൊളിക്കും"; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

ജൂലൈയിൽ സിക്കന്ദർപൂരിലെ ഒരുവയസുള്ള കുഞ്ഞ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ കൊന്നൊടുക്കിയത് അഞ്ച് കുട്ടികളെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് വയസ്സുള്ള കുട്ടിയെ ആക്രമിച്ചു. 55 വയസുകാരനും പരുക്കേറ്റിരുന്നു. ഏറ്റവുമൊടുവിലത്തെ ഇരയാണ് മൂന്ന് വയസുകാരി.

ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് ഇവയെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. ഡ്രോൺ നിരീക്ഷണത്തിൽ നാല് ചെന്നായ്ക്കളെ പിടികൂടി. ശേഷിക്കുന്ന രണ്ടെണ്ണത്തിനായി തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച രാവിലെ ചെന്നായ്ക്കളെ പിടികൂടാൻ സംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഡ്രോണുകൾ ഉപയോഗിച്ച് ശേഷിക്കുന്ന ചെന്നായകളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് അധികൃതർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com