
മണിപ്പൂരിൽ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ തയ്യാറെടുത്ത് കുക്കി-സോ വിഭാഗം. ഇതിനായി മണിപ്പൂരിൻ്റെ വിവിധ ഭാഗങ്ങളിലായി ബഹുജൻ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. റാലിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റാലിക്ക് മുന്നോടിയായി സുരക്ഷ മുൻകരുതലുകളും പ്രതിരോധ നടപടികളും സംസ്ഥാന സർക്കാരും ആഭ്യന്തരമന്ത്രാലയവും ശക്തമാക്കി.
കുക്കി വിഭാഗത്തിന് എതിരെ മുഖ്യമന്ത്രി ബിരേൻ സിംഗ് നടത്തിയ പരാമർശത്തിന്‍റെയും കലാപം അഴിച്ചുവിട്ടത് താനാണെന്ന് ബിരേൻ സിംഗ് അവകാശപ്പെടുന്ന ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ് കുക്കി വിഭാഗത്തിന്‍റെ പ്രതിഷേധം. പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യവും ഉന്നയിച്ചാണ് കുക്കി-സോ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജൻ റാലി. സോമി സ്റ്റുഡൻ്റ്സ് ഫെഡറേഷനും കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷനും സംയുക്തമായാണ് റാലിക്ക് നേതൃത്വം നൽകുന്നത്. മണിപ്പൂരിന് പുറമെ ഡൽഹി ജന്തർ മന്ദറിലും റാലി നടത്തും. എന്നാല്‍ പ്രതിഷേധ റാലിയിൽ നിന്ന് നാഗ വിഭാഗം വിട്ടുനിൽക്കും. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് തീരുമാനമെന്നാണ് വിശദീകരണം.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ മുൻകരുതലുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ റാലികളിൽ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
അതേസമയം, ക്രിമിനൽ പ്രവർത്തനം നടത്തിയില്ലെന്നും രാജിവെക്കില്ലെന്നും ബിരേൻ സിംഗ് ആവർത്തിച്ചു. കലാപം തുടരുന്ന സംസ്ഥാനത്ത് ആറ് മാസത്തിനുള്ളിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിരേൻ സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ മെയ്തികളെ അനുകൂലിച്ചുവെന്നും കുക്കി വിഭാഗത്തെ ഉപദ്രവിച്ചുവെന്നുമുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയെങ്കിലും അത്തരത്തിൽ സംഭവിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിരേൻ സിംഗ്. മയക്കുമരുന്നിനെതിരെയും അനധികൃത കുടിയേറ്റക്കാർക്ക് എതിരെയുമുള്ള സർക്കാർ നീക്കമാണ് കലാപത്തിന് പ്രധാന കാരണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. 2023 മെയിൽ ആരംഭിച്ച വംശീയ ആക്രമണത്തിൽ ഇതുവരെ 226 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വംശീയ സംഘർഷം ആരംഭിച്ചിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു.