കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം;വടക്കൻ അയർലണ്ടിൽ നിരവധി പേർ അറസ്റ്റിൽ

ലിവർപൂളിൽ അക്രമികൾ ഒരു ലൈബ്രറിയ്ക്ക് തീയിട്ടതിനെ തുടർന്ന് നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം;വടക്കൻ അയർലണ്ടിൽ നിരവധി പേർ അറസ്റ്റിൽ
Published on

ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും ചില ഭാഗങ്ങളിൽ ശനിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിൽ കുട്ടികളുടെ നൃത്ത ക്ലാസിൽ കത്തി ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബ്രിട്ടനിലുടനീളം കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.പെൺകുട്ടികളുടെ കൊലപാതകം കലാപം ഇളക്കിവിടാൻ ഉപയോഗിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു.


കൊലപാതകി തീവ്ര ഇസ്ലാമിക കുടിയേറ്റക്കാരനാണെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് കുടിയേറ്റ വിരുദ്ധരും മുസ്ലീം വിരുദ്ധ ഗ്രൂപ്പുകളും അക്രമം അഴിച്ചു വിട്ടിരുന്നു.അതേ സമയം പ്രതി ബ്രിട്ടൻ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കുടുംബം ക്രിസ്തുമത വിശ്വാസികളാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച, ലിവർപൂൾ, ബ്രിസ്റ്റോൾ, ഹൾ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ നഗരം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ നടന്ന അക്രമങ്ങളിൽ കുറഞ്ഞത് 87 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. നിരവധി കടകളും വ്യാപാര സ്ഥപനങ്ങളും തകർക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ലിവർപൂളിൽ അക്രമികൾ ഒരു ലൈബ്രറിയ്ക്ക് തീയിട്ടതിനെ തുടർന്ന് നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു.


അക്രമപ്രവർത്തനങ്ങൾ ഒരു തരത്തിലും ക്ഷമിക്കുകയില്ലെന്നും ,ക്രിമിനൽ ക്രമക്കേടിൽ ഏർപ്പെടുന്നവർക്ക് സാധ്യമായ ഏറ്റവും ശക്തമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കാൻ പൊലീസ് സേനയ്ക്ക് പൂർണ പിന്തുണ ഉറപ്പ് വരുത്തുമെന്നും ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ പറഞ്ഞു.


കൊലപാതകങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച വ്യാപക പ്രതിഷേധം നടന്നത്. സമാധാനപരമായ പ്രതിഷേധത്തിനുപകരം,അക്രമാസക്തരായ ഒരു കൂട്ടം ആളുകളെ ഏകോപിപ്പിച്ചത് തീവ്ര വലതുപക്ഷത്തിൻ്റെ ബോധപൂർവമായ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആരോപിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com