
നികുതി വർധന ബില്ലിന് അനുമതി നൽകിയതിനെതിരെ കെനിയയില്‍ വന്‍ പ്രതിഷേധം. ബാരിക്കേഡുകള്‍ തകര്‍ത്ത്, പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് തീയിട്ടു. പ്രതിഷേധക്കാരും പൊലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവെ, പ്രതിഷേധക്കാർ പാർലമെന്റ് വളഞ്ഞ് പ്രസിഡന്റ് വില്യം റൂട്ടോയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയിരുന്നു. കണ്ണീർവാതകവും ജലപീരങ്കിയുമടക്കം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. രണ്ടു വർഷം മുൻപ് പാവങ്ങളുടെ മുന്നണിപ്പോരാളിയായി അധികാരത്തിലെത്തിയ റൂട്ടോയ്ക്കെതിരെ ജനരോഷം ശക്തമാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കുന്ന രാജ്യത്തെ യുവതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ, പ്രസിഡന്റ് വില്യം റൂട്ടോയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ശക്തമാവുകയാണ്. സമരത്തിന് ജനപിന്തുണയും വർധിക്കുന്നുണ്ട്.
പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരോട് ജാഗ്രത പാലിക്കണമെന്നും, അനാവശ്യ സംഘർഷങ്ങളിൽ ഏർപ്പെടരുതെന്നും, പ്രശ്നം ശാന്തമാകുന്നതുവരെ സംഘർഷ സ്ഥലത്തേക്ക് പോകാതിരിക്കണമെന്നും കെനിയയിലെ ഇന്ത്യൻ കോൻസുലേറ്റ് എക്സിൽ അറിയിച്ചു.