കെനിയയിലെ നികുതി വിരുദ്ധ പ്രക്ഷോഭം; 39 പേർ കൊല്ലപ്പെട്ടതായും, 361 പേർക്ക് പരിക്കേറ്റതായും ദേശീയ മനുഷ്യാവകാശ സംഘടനകൾ

ജൂൺ 18 മുതൽ ജൂലൈ 1 ഒന്ന് വരെയുള്ള കാലയളവിൽ 32 പേരെ കാണാതായെന്നും, 627 പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായും കണക്കുകൾ
കെനിയയിലെ നികുതി വിരുദ്ധ പ്രക്ഷോഭം; 39 പേർ കൊല്ലപ്പെട്ടതായും, 361 പേർക്ക് പരിക്കേറ്റതായും ദേശീയ മനുഷ്യാവകാശ സംഘടനകൾ
Published on

കെനിയൻ സർക്കാരിനെതിരെ നടന്ന നികുതി വിരുദ്ധ പ്രക്ഷോഭത്തിൽ ഏകദേശം 39 പേർ കൊല്ലപ്പെട്ടതായി ദേശീയ മനുഷ്യാവകാശ സംഘടനകൾ. കെനിയ നാഷണൽ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 39 പേർ മരിച്ചതായും, 361 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറയുന്നു. കൂടാതെ ജൂൺ 18 മുതൽ ജൂലൈ 1 ഒന്ന് വരെയുള്ള കാലയളവിൽ 32 പേരെ കാണാതായെന്നും, 627 പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം പ്രതിഷേധക്കാർക്കെതിരെയും, കെനിയയിലെ പള്ളികൾ, എമർജൻസി സെൻററുകള്‍, തുടങ്ങിയവയ്‌ക്കെതിരായ പൊലീസിന്റെ കടന്നുകയറ്റം അനാവശ്യമായിരുന്നു എന്നും, പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഉപയോഗിച്ച രീതി ശരിയായില്ലെന്നും മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.

പുതിയ നികുതി ചുമത്താൻ ലക്ഷ്യമിട്ടുള്ള ധനകാര്യ ബില്ലിനെതിരെ ജനങ്ങള്‍ തന്നെയാണ് തെരുവിലിറങ്ങിയത്. ബ്രെഡ്, പാചക എണ്ണ, ഡയപ്പറുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സാധനങ്ങൾക്കുള്ള നികുതി വർധനയ്‌ക്കെതിരെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടിയതോടെ കെനിയ അക്ഷരാർത്ഥത്തിൽ കലാപ ഭൂമിയായി മാറുകയായിരുന്നു. രാജ്യത്തെ പൊതു കടം തീർക്കുന്നതിന് നികുതി വർധന അനിവാര്യമാണെന്നാണ് കെനിയൻ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധം മുറുകിയതോടെ വിവാദ സാമ്പത്തിക ബിൽ പിൻവലിച്ചതായി പ്രസിഡൻ്റ് വില്യം റൂട്ടോ അറിയിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com