'ജീവിതത്തിലെ ഈ അധ്യായം അവസാനിപ്പിക്കുന്നു'; വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് താരം ഗ്രീസ്മാന്‍

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പിലൂടെയാണ് 33 കാരനായ താരം വിരമിക്കല്‍ അറിയിച്ചത്
'ജീവിതത്തിലെ ഈ അധ്യായം അവസാനിപ്പിക്കുന്നു'; വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് താരം ഗ്രീസ്മാന്‍
Published on

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് മുന്നേറ്റതാരം അന്റോയിന്‍ ഗ്രീസ്മാന്‍. ഫുട്‌ബോള്‍ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചുകൊണ്ടാണ് കാല്‍പ്പന്ത് കളിയിലെ മികച്ച താരങ്ങളിലൊരാളുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.



സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പിലൂടെയാണ് 33 കാരനായ താരം വിരമിക്കല്‍ അറിയിച്ചത്. "ഹൃദയം മുഴുവന്‍ നിറഞ്ഞ ഓര്‍മകളോടെ ജീവിതത്തിലെ ഈ അധ്യായം ഞാന്‍ അവസാനിപ്പിക്കുന്നു. അതിഗംഭീരമായ ത്രിവര്‍ണ സാഹസികതയ്ക്ക് നന്ദി, വീണ്ടും കാണാം," എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.


അന്താരാഷ്ട്ര ഫുട്‌ബോളിലെ പത്ത് വര്‍ഷത്തെ യാത്ര അവസാനിപ്പിച്ചാണ് ഗ്രീസ്മാന്റെ പടിയിറക്കം. ഈ കാലയളവിനുള്ളില്‍ 137 മത്സരങ്ങളില്‍ നിന്നായി 44 ഗോളുകള്‍ താരം ഫ്രാന്‍സിന് വേണ്ടി നേടി. ഗോളടിക്കുന്നതില്‍ മാത്രമായിരുന്നില്ല ടീമില്‍ ഗ്രീസ്മാന്‍ നിര്‍ണായക സാന്നിധ്യമായത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ കോട്ടകെട്ടിയ ടീമിന്റെ ക്രിട്ടിക്കല്‍ പ്ലേ മേക്കറായിരുന്നു അദ്ദേഹം.


2018 ലോകകപ്പിലാണ് ഗ്രീസ്മാന്റെ പ്രഭാവം ഫുട്‌ബോള്‍ ലോകം ശരിക്കും കണ്ടത്. രണ്ടാം തവണയും കിരീടമുയർത്താൻ ഫ്രാന്‍സിന് സാധിച്ചത് ഗ്രീസ്മാന്റെ ബലത്തിലായിരുന്നു. ക്രൊയേഷ്യക്കെതിരെ താരം നേടിയ ഗോളിന്റെ ബലത്തിലാണ് 4-2ന് ഫ്രാന്‍സ് ജയിച്ചത്. ഇതോടെ, ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായി ഗ്രീസ്മാന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളാണ് ആ ലോകകപ്പില്‍ മാത്രം അദ്ദേഹം നേടിയത്.

2014ലാണ് ഗ്രീസ്മാന്‍ ദേശീയ ടീമിലെത്തുന്നത്. തുടക്കകാലം മുതല്‍ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെ പദ്ധതികളില്‍ അവിഭാജ്യ ഘടകം. വിംഗര്‍, ഫോര്‍വേഡ് അതല്ലെങ്കില്‍ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കര്‍, ലഭിക്കുന്ന റോള്‍ എന്തായാലും ഗ്രീസ്മാന്റെ കാലുകളില്‍ സുരക്ഷിതമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com