
ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ മുന്നില്‍. 22 ഇലക്ട്രല്‍ ഡിസ്ട്രിക്ടുകളിൽ ഏഴ് എണ്ണത്തിലും തപാൽ വോട്ടിങ്ങില്‍ തന്നെ അനുര കുമാര ദിസനായകെ മുന്നിട്ട് നില്‍ക്കുകയാണ്. വിജയിച്ചാല്‍ ശ്രീലങ്കയിലെ ആദ്യ മാർക്സിസ്റ്റ് പ്രസിഡന്‍റാകും ദിസനായകെ.
നിലവിലെ പ്രസിഡന്‍റ് റനില്‍ വിക്രമസിങ്കെ മൂന്നാം സ്ഥാനത്താണ്. 10 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 53 ശതമാനം വോട്ടുകള്‍ നേടിയാണ് ദിസനായകെ മുന്നിലുള്ളത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത്.
Also Read: "വീണ്ടുമൊരു സംവാദത്തിന് തയ്യാർ, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു"; ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ്
ശനിയാഴ്ചയാണ് ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. അനുര കുമാര ദിസനായകെയുടെ ജനത വിമുക്തി പെരമുന (ജെവിപി), നാഷണല്‍ പീപ്പിള്‍സ് പവർ സഖ്യത്തിന്‍റെ ഭാഗമായാണ് മത്സരിച്ചത്. ശ്രീലങ്കയിലെ 13,000 പോളിങ് സ്റ്റേഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ യോഗ്യരായ 17 ദശലക്ഷം വോട്ടര്‍മാരില്‍ 75 ശതമാനം പേർ പോള്‍ ചെയ്തുവെന്നാണ് കണക്ക്. 36 ശതമാനം വോട്ടുകള്‍ നേടി ദിസനായകെ മുന്നിലെത്തുമെന്നും റനിൽ വിക്രമസിങ്കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.