
പ്രശസ്ത നടനും സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. '8' എന്ന സ്പോർട്സ് ഡ്രാമയിലൂടെയാണ് അനുരാഗിന്റെ കന്നഡ സിനിമ മേഖലയിലേക്കുള്ള രംഗപ്രവേശനം. ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡിൽ മികച്ച ചിത്രങ്ങൾക്ക് ഒരു ബെഞ്ച്മാർക് സൃഷ്‌ടിച്ച പ്രതിഭയാണ്. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.
വളരെ നൂതനമായ രീതിയിലാണ് '8'ന്റെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് കന്നഡ സിനിമയിലേക്ക് ചുവടുവെ/Dക്കുന്നത് തന്നെ അഭിമാനകരമായ കാര്യമാണ് എന്നതിനൊപ്പം നൂതനമായ ഈ ടൈറ്റിൽ ലോഞ്ചും ആവേശം വർധിപ്പിക്കുന്നു. ബെൽ ബോട്ടം", "ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര", "ശാഖഹാരി" തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട പ്രശസ്ത നടൻ സുജയ് ശാസ്ത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത '8 ' എന്ന ചിത്രത്തിന്റെ കഥ സുജയ് ജെയിംസ് ബാലുവിന്‍റേതാണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ചിത്രത്തിന്റെ നിർമാണം. സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന 'റിച്ചി റിച്ച്' ആണ് നിലവിൽ ഈ കമ്പനി നിർമിക്കുന്ന മറ്റൊരു പ്രധാന ചിത്രം. ഹേമന്ത് ജോയിസ് ആണ് '8' എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം - ഗുരുപ്രസാദ് നർനാദ്, എഡിറ്റർ- പ്രതീക് ഷെട്ടി. പിആർഒ- ശബരി.