കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ നടപടി വേണം; പ്രസവ ചികിത്സാപ്പിഴവിൽ അനുശ്രീയും കുടുംബവും രംഗത്ത്

പലതവണ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ നടപടി വേണം; പ്രസവ ചികിത്സാപ്പിഴവിൽ അനുശ്രീയും കുടുംബവും രംഗത്ത്
Published on


പ്രസവ ചികിത്സാപ്പിഴവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പേരാമ്പ്ര സ്വദേശി അനുശ്രീയും കുടുംബവും രംഗത്ത്. 2024 ജനുവരിയിൽ ഉണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് ചെറുവണ്ണൂർ സ്വദേശിനി അനുശ്രീയും കുഞ്ഞും ഇപ്പോഴും ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുകയാണ്. പല തവണ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.


2024 ജനുവരി 13നാണ് പ്രസവത്തിനായി പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനി അനുശ്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. പ്രസവം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് അനുശ്രീയുടെ കുഞ്ഞ് ദിനം പ്രതി കടന്നുപോകുന്നത്.

ഇപ്പോഴും ട്യൂബിലൂടെയാണ് കുഞ്ഞിന് ഭക്ഷണം നൽകുന്നത്. പ്രസവ ശേഷം ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് ഡോക്ടറെ അറിയിച്ചപ്പോൾ ഇതെല്ലാം സാധാരണയാണെന്നായിരുന്നു മറുപടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.


അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക, സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ എഫ്ഐആർ ഇട്ട് നീതിയുക്തമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വെക്കുന്നത്. നീതിക്കായി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് അനുശ്രീ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com