
യുദ്ധത്തിന് എ ഐ ഡ്രോണുകൾ രംഗത്തിറക്കി യുക്രൈൻ. റഷ്യൻ സൈന്യം സൃഷ്ടിക്കുന്ന സിഗ്നൽ ജാമിങ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ നീക്കവുമായി യുക്രൈൻ രംഗത്തെത്തിയത്. ഒരേസമയം ഒന്നിലധികം ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഉപയോഗപ്പെടുത്തുമെന്ന് യുക്രൈൻ അറിയിച്ചു.
എ ഐ ഡ്രോണുകൾ വികസിപ്പിക്കാൻ സ്റ്റാർട്ട് അപ്പുകളുടെ സഹായം തേടും. യുദ്ധമുഖത്ത് എതിരാളികൾക്കുള്ള സാങ്കേതിക മേൽക്കൈ മറികടക്കാനാണ് യുക്രൈൻ എ ഐ ഡ്രോൺ സംവിധാനം രംഗത്തിറക്കിയത്. റഷ്യൻ സൈന്യം വ്യാപകമായി സിഗ്നൽ ജാമിങ് ചെയ്യുന്നുണ്ട്, ഇതിന് പരിഹാരം കാണുകയാണ് ഡ്രോണുകളുടെ പ്രഥമ ലക്ഷ്യം. സ്റ്റാർട്ട് അപ്പുകളുടെ പിന്തുണയോടെയാണ് നിലവിൽ എ ഐ ഡ്രോണുകൾ രംഗത്തിറക്കുന്നത്.
പ്രധാനമായും രണ്ടുതരം ഡ്രോണുകളാണ് വികസിപ്പിക്കുന്നത്. ഒന്നാമത്തേത് ടെറയിൻ മാപ്പിംഗ് എന്നറിയപ്പെടുന്ന ഡ്രോൺ നാവിഗേഷൻ ഉൾപ്പടെയുള്ള വിഷ്വൽ ഡ്രോണുകളാണ്. രണ്ടാമതായി ഒരേസമയം നിരവധി ഡ്രോണുകൾ യുദ്ധമുഖത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വികസിപ്പിക്കുന്നുണ്ട്. ഇതിന് ആവശ്യമായ സോഫ്റ്റ്‌വെയർ തയ്യാറായി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
നൂറുകണക്കിന് ഡ്രോണുകൾ നിയന്ത്രിക്കാൻ കഴിയുന്ന സ്റ്റൈസ് എന്ന സോഫ്റ്റ് വെയറാണ് വികസിപ്പിക്കുന്നത്. കൂട്ടമായി പ്രവർത്തിക്കുമ്പോൾ മറ്റു ഡ്രോണുകളുടെ പ്രവർത്തനം മനസിലാക്കാനും, സ്വന്തമായി തീരുമാനം എടുക്കാനും കഴിയുന്ന തരത്തിൽ ഡ്രോണുകൾ നിയന്ത്രിക്കുകയാണ് പ്രധാന ഉദേശം. റഷ്യയുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എന്ന റിഫൈനറികളും സൈനിക ക്യാമ്പുകളും ആക്രമിക്കാൻ ഇതിനോടകം തന്നെ യുക്രൈൻ എ ഐ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് വികസിപ്പിക്കാനാണ് യുക്രൈൻ്റെ പുതിയ നടപടി.