
സ്കൂൾ കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയതിന് സർക്കാരിന് രണ്ട് ലക്ഷം രൂപ പിഴ. ചലഞ്ച് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെ തുടർന്ന് ഹർജിക്കാരുമായി ചർച്ച നടത്തിയ ശേഷം അപ്പീലുമായി എത്തിയ നടപടി ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. അപ്പീൽ നൽകാൻ തീരുമാനിച്ച ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കാനാണ് കോടതിയുടെ നിർദ്ദേശം.
നെല്ലാട് എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ നൽകിയ ഹർജിയിലായിരുന്നു ഫണ്ട് നൽകാൻ ഉത്തരവുണ്ടായത്. 2018 മാർച്ച് ഒന്നിന് നടപ്പാക്കിയ എയ്ഡഡ് സ്കൂൾ കെട്ടിട നിർമാണത്തിന്‍റെ ചെലവിന്റെ പകുതി സർക്കാർ വഹിക്കുന്ന ചലഞ്ച് ഫണ്ട് വ്യവസ്ഥ പ്രകാരം 50 ലക്ഷം രൂപ മാനേജ്മെന്‍റ് മുൻകൂർ അടച്ചിരുന്നു. എന്നാൽ, സ്കൂൾ സമർപ്പിച്ച ബില്ലിൽ ചിലത്, പദ്ധതി നിലവിൽ വരുന്നതിന് മുമ്പുള്ളതാണെന്ന പേരിൽ സർക്കാർ നൽകാനുള്ള ഫണ്ട് അനുവദിച്ചിരുന്നില്ല. തുടർന്നാണ്, ഹൈകോടതിയെ സമീപിച്ചത്.
പദ്ധതി നിലവിൽ വന്നശേഷമുള്ള തുക അനുവദിക്കുന്ന കാര്യത്തിൽ ഹർജിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചു. ധനകാര്യ സെക്രട്ടറി നിയമിച്ച ഉദ്യോഗസ്ഥർ ഹർജിക്കാരുമായി ചർച്ച നടത്തി. എന്നാൽ, ഫണ്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് കോടതിയലക്ഷ്യ ഹർജി നൽകി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയടക്കം കാര്യങ്ങൾ മറച്ചുവെച്ച് സർക്കാർ അപ്പീൽ നൽകിയത്. ഇക്കാര്യം ബോധ്യമായതോടെ അപ്പീൽ നൽകിയത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് കോടതി വിലയിരുത്തി. ഹർജി പിൻവലിക്കാൻ അനുമതി നൽകിയെങ്കിലും സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പിഴ സഹിതം തള്ളിയത്.